പ്രശസ്ത ബാലസാഹിത്യകാരന്‍ റോബര്‍ട്ട് മുന്‍ഷിന് വൈദ്യസഹായത്തോടെയുള്ള മരണത്തിന് (MAID) കനേഡിയന്‍ അധികൃതര്‍ അനുമതി നല്‍കി.ഒരു അഭിമുഖത്തിൽ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.80 വയസ്സുള്ള റോബര്‍ട്ട് മുന്‍ഷിന് 2021-ല്‍ ഡിമെന്‍ഷ്യ സ്ഥിരീകരിച്ചിരുന്നു, കൂടാതെ പാര്‍ക്കിന്‍സണ്‍സ് രോഗവുമുണ്ട്.'ദി പേപ്പര്‍ ബാഗ് പ്രിന്‍സസ്', 'ലവ് യു ഫോറെവര്‍', 'ദി ഫയര്‍ സ്റ്റേഷന്‍' എന്നിവയുള്‍പ്പെടെ 85 പുസ്തകങ്ങള്‍ രചിട്ടുള്ള റോബര്‍ട്ട് മുന്‍ഷിന് ഏറെ വായനക്കാരുണ്ട്.
മരണ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, 'സംസാരിക്കാനും ആശയവിനിമയം നടത്താനും തനിക്ക് ബുദ്ധിമുട്ട് തോന്നിത്തുടങ്ങുമ്പോള്‍, താന്‍ അതേപ്പറ്റി ചിന്തിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് മാഗസിനുമായുള്ള അഭിമുഖത്തില്‍ മുന്‍ഷ് പറഞ്ഞു.2016-ലാണ് ഗുരുതരമായ രോഗങ്ങളുള്ളവര്‍ക്ക് വേണ്ടി ആദ്യമായി ദയാവധം കാനഡ നിയമവിധേയമാക്കിയത്. 2021-ല്‍, ജീവന് ഭീഷണിയല്ലാത്ത സാഹചര്യങ്ങളില്‍ പോലും, ഗുരുതരവും വിട്ടുമാറാത്തതുമായ ശാരീരിക അവസ്ഥകളുള്ളവരെയും ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്തിരുന്നു.കാനഡയില്‍, ദയാവധത്തിന് യോഗ്യത നേടുന്നതിന് 18 വയസ്സിന് മുകളിലുള്ളവര്‍ നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ (MND) ഏറ്റവും സാധാരണമായ രൂപമായ അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് (ALS) അഥവാ ലൂ ഗെഹ്റിഗ്‌സ് രോഗം ബാധിച്ച് തന്റെ സഹോദരന്‍ മരിക്കുന്നത് കണ്ടതിന് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് അഭിമുഖത്തില്‍ മുന്‍ഷ് വ്യക്തമാക്കി.മുന്‍ഷിന്റെ പ്രസാധകരായ സ്‌കൊളാസ്റ്റിക്, അദ്ദേഹത്തിന്റെ ദയാവധം സംബന്ധിച്ച തീരുമാനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ ഒരു പ്രസ്താവനയിറക്കിയിരുന്നു. തുടര്‍ന്ന് തന്റെ അച്ഛന്‍ വൈദ്യസഹായത്തോടെയുള്ള മരണം തിരഞ്ഞെടുക്കാനുള്ള തീരുമാനം അഞ്ച് വര്‍ഷം മുന്‍പെടുത്തതാണെന്നും അദ്ദേഹം 'ഉടനെയൊന്നും മരിക്കാന്‍ പോകുന്നില്ല' എന്നും മുന്‍ഷിന്റെ മകള്‍ ജൂലി ഫേസ്ബുക്കില്‍ കുറിച്ചു.'എന്റെ അച്ഛന്‍ മരിക്കുന്നില്ല! എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി, എന്നിരുന്നാലും, വൈദ്യസഹായത്തോടെയുള്ള മരണം (MAID) തിരഞ്ഞെടുക്കാനുള്ള എന്റെ അച്ഛന്റെ തീരുമാനം യഥാര്‍ത്ഥത്തില്‍ 5 വര്‍ഷം മുന്‍പെടുത്തതാണ്.
ഇതൊരു പുതിയ വാര്‍ത്തയല്ല, 2021-ല്‍ സിബിസിയുമായുള്ള ഒരു അഭിമുഖത്തില്‍ ഇത് ചര്‍ച്ച ചെയ്തിരുന്നു.''എന്റെ അച്ഛന്‍ സുഖമായിരിക്കുന്നു, ഏത് നിമിഷവും അത് വേഗത്തില്‍ പുരോഗമിച്ചേക്കാം. ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖനം എന്റെ അച്ഛനുമായുള്ള മികച്ച അഭിമുഖമാണ്, അതിലെവിടെയും എന്റെ അച്ഛന് സുഖമില്ലെന്നോ അദ്ദേഹം ഉടന്‍ മരിക്കുമെന്നോ പറയുന്നില്ല! ക്ലിക്ക്‌ബെയ്റ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക!'- ജൂലി ഫേസ് ബുക്കില്‍ കുറിച്ചു.