ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ച വൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി എൻഡിഎ. നിതീഷ് കുമാർ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന സൂചനകളാണ് പുറത്തുവരുന്നത്.പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ അടുത്തയാഴ്ച ബുധനാഴ്ചയോ വ്യാഴാഴ്ചയോ നടന്നേക്കും. എല്ലാ എൻഡിഎ എംഎൽഎമാരോടും പട്നയിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. ജെഡിയു വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝാ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിതീഷ് കുമാറിനെത്തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ജെഡിയുവിന്റെ ആവശ്യം എൻഡിഎയിൽ പൂർണ്ണ പിന്തുണ നേടിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഈ വിഷയത്തിൽ അമിത് ഷായ്ക്ക് ചില അതൃപ്തികളുണ്ടെന്നും അറിയുന്നുണ്ട്. ഉടൻതന്നെ പട്നയിൽ ചേരുന്ന എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിതീഷ് കുമാറിനെ കക്ഷി നേതാവായി തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.