 
                                 
                        പ്രമുഖ മലയാള നടിക്കെതിരെ വിമർശനമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതഗാനം ഒരുക്കാന്‍ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് മന്ത്രി. കലോത്സവത്തിലൂടെ വന്ന നടിക്ക് അഹങ്കാരമെന്നും പണത്തിനോട് ആർത്തിയെന്നും മന്ത്രി. സഹകരിക്കേണ്ടെന്ന് പറഞ്ഞ് അവരെ ഒഴിവാക്കി…നടിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു മന്ത്രിയുടെ വിമർശനം..
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള നൃത്തം ചിട്ടപ്പെടുത്താനാണ് നടിയോട് ആവശ്യപ്പെട്ടത്. എന്നാൽ പ്രതിഫലമായി നടി 5 ലക്ഷം രൂപ ചോദിച്ചു, പത്ത് മിനിറ്റ് വരുന്ന സ്വാഗതഗാനം കുട്ടികളെ പഠിപ്പിക്കാനാണ് നടി പണം ആവശ്യപ്പെട്ടതെന്നും നടിക്ക് അഹങ്കാരവും പണത്തിനോട് ആർത്തി ആണെന്നും മന്ത്രി പറഞ്ഞു. നടി വന്ന വഴി മറക്കരുതെന്നും ഇത്തരം ആളുകൾ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമർശിച്ചു.
നടിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു മന്ത്രിയുടെ വിമർശനം.. കൂടാതെ കൊല്ലത്ത് കഴിഞ്ഞ വർഷം കലോത്സവത്തിൽ അതിഥിയായി മമ്മൂട്ടിയെത്തിയതും ഓണാഘോഷ പരിപാടിയിൽ ഫഹദ് ഫാസിൽ വന്നതും പ്രതിഫലം വാങ്ങാതെയാണെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കുന്നു.
വെഞ്ഞാറമൂട് പ്രൊഫഷണൽ നാടകോത്സവത്തിന്‍റെ സമാപന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന നടൻ സുധീർ കരമനയും നടിയെ വിമർശിച്ചു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    