ഗവർണറും സർക്കാറും തമ്മിൽ ഭാരതാംബയുടെ പേര് വിവാദം മുറുകുകയാണ്. വിവാദങ്ങൾക്കിടെ കാസർഗോഡ്, അതിയാമ്പൂരിലെ ഭാരതാംബയുടെ ദാരുശില്പം ഭാരതാംബയുടെ മറ്റൊരു കഥ പറയുകയാണ്. സ്വാതന്ത്ര്യ സമര സേനാനി എ.സി കണ്ണൻ നായരുടെ വീട്ടിലെ ഭാരതാംബ സ്വാതന്ത്ര സമരകാലത്തേക്കാണ് കൊണ്ടുപോകുന്നത്.
എച്ചിക്കാനം തറവാടിൻ്റെ ഭാഗമായിരുന്ന അതിയാമ്പൂർ പത്തായപ്പുര മാളികയിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ പ്രതീകങ്ങളായ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ഭാരതാംബ എന്നിങ്ങനെ നിരവധി ദാരുശില്പങ്ങൾ കൊത്തി വച്ചിട്ടുള്ളത്. കർഷകരുടേയും മഹാത്മാഗാന്ധിയുടേയും സർദാർ വല്ലഭ് ഭായ് പട്ടേലിൻ്റേയും രൂപങ്ങൾ കൊത്തിവെച്ച വാതിലിലൂടെ പത്തായപ്പുരയ്ക്കകത്ത് കടന്ന് മരപ്പടികൾ കയറി ഒന്നാം നിലയിലെത്തി മുകളിലോട്ട് നോക്കിയാൽ മേൽക്കൂരയിൽ ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ രൂപം കാണാം. എ..സി.കണ്ണൻ നായരുടെ ഭവനത്തിൽ നിന്നും ശേഖരിച്ച അദ്ദേഹത്തിൻ്റെ ഡയറിക്കുറിപ്പുകളിൽ നിന്നാണ് കേരളത്തിൻ്റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ചരിത്രകാരൻമാർക്ക് ഉണ്ടായത്.
ഇന്നും അമൂല്യ നിധിയായി ന്യൂഡൽഹി പുരാരേഖ മ്യൂസിയത്തിലുള്ള ഡയറിക്കുറിപ്പുകളുടെ കൂടെ ചേർത്തു വായിക്കാൻ പറ്റുന്നതാണെങ്കിലും ദാരുശില്പങ്ങളുടെ ചരിത്ര പ്രാധാന്യം രേഖപ്പെടുത്തി വച്ചിരുന്നില്ല എന്ന് ചരിത്ര ഗവേഷകൻ ഡോ.നന്ദകുമാർ കോറോത്ത് അഭിപ്രായപ്പെട്ടു.1905 ൽ അഭനീന്ദ്രനാഥ് ടാഗോർ ആണ് ആദ്യമായി ഭാരതാംബയുടെ രൂപം ചിത്രീകരിച്ചത്. പിന്നീട് വിവിധ തരത്തിലുള്ള മാറ്റങ്ങൾ ഭാരതാംബയുടെ രൂപത്തിൽ വരുകയും ത്രിവർണ പതാകയേന്തിയ ഭാരതാംബ സങ്കല്പം സ്വാതന്ത്ര്യ സമരത്തോടൊപ്പം പടരുകയും ചെയ്തു. ഒരു പക്ഷേ ഇന്ത്യയിലേ തന്നെ ഏറ്റവും പഴക്കമുള്ള ഭാരതാംബയുടെ ദാരുശില്പമായിരിക്കാം കാഞ്ഞങ്ങാട്ടെ എ.സി.കണ്ണൻ നായരുടെ ഭവനത്തിലുള്ളത്..