ശബരിമല സ്വർണ്ണക്കവർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള അപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം നൽകും.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം സമീപിച്ചത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിനെയാണെന്ന പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് SITയുടെ നീക്കം. ഓഫീസിലെ കാര്യങ്ങളിൽ ബോർഡുമായി ആലോചിക്കാതെ പത്മകുമാർ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുത്തു എന്ന് മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ മൊഴിയിലും പറയുന്നു.
എൻ. വാസു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യാപേക്ഷകളും ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കൂടാതെ, കേസിൽ നടൻ ജയറാമിനെ സാക്ഷിയാക്കി മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം നേരത്തെ തീരുമാനിച്ചിരുന്നു. റെയ്ഡിന്റെ റിമാൻഡ് റിപ്പോർട്ടിൽ പത്മകുമാറിന്റെ ഇടപെടൽ എസ്‌ഐടി ചൂണ്ടിക്കാണിച്ചിരുന്നു. സ്വർണ്ണപ്പാളി പൂജിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂ. നിലവിൽ ആറ് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.