വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ഡോക്ടറെ പ്രതിചേർക്കാൻ പൊലീസ് നീക്കം. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജെ. ഷാഹിദയെയാണ് കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് രോഗിയായ ഉഷാ ജോസഫിന്റെ ചികിത്സാ രേഖകൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ശസ്ത്രക്രിയാ സംഘത്തിൽ ഒൻപത് പേർ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. തുടർനടപടികൾക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് ഡി.എം.ഒയ്ക്ക് അപേക്ഷ നൽകും.
അതേസമയം, ശസ്ത്രക്രിയയിൽ ഡോ. ലളിതാംബികയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ സമിതിയുടെ വിലയിരുത്തൽ. ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുന്നതിൽ സ്ക്രബ്ബ് നഴ്സുമാർക്ക് വീഴ്ച പറ്റിയതായാണ് സൂചന. പുറത്തെടുത്ത 7 സെന്റീമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.