തമിഴ്‌നാട് കരൂർ ജില്ലയിൽ അടുത്തിടെയുണ്ടായ ജനക്കൂട്ട ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജി അജയ് രസ്തോഗി അധ്യക്ഷനായ ഒരു മൂന്നംഗ സമിതിയെയും സുപ്രീം കോടതി നിയോഗിച്ചു.
കരൂരിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച ദുരന്തവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. മദ്രാസ് ഹൈക്കോടതി നേരത്തെ ഒരു ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നുവെങ്കിലും, ടിവികെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീംകോടതിയുടെ ഈ ഉത്തരവ് വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ നിർണായകമാണ്. നിലവിൽ സംസ്ഥാന സർക്കാർ നിയമിച്ച അന്വേഷണ സമിതിക്ക് പകരം സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം നടത്തുന്നതിലൂടെ ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും സാധിക്കുമെന്നാണ് ടിവികെ പ്രതീക്ഷിക്കുന്നത്.