കണ്ണൂർ മുൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ മരണത്തിൽ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കും നവീൻ ബാബുവിനെതിരെ പരാതി ഉന്നയിച്ച പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്റെ കുടുംബം. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പത്തനംതിട്ട സബ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് മാനസികമായി പീഡിപ്പിച്ചു എന്നതാണ് കേസിന് ആസ്പദമായ ആരോപണം.
ഏകദേശം ഒരു വർഷം മുൻപാണ് കണ്ണൂരിലെ കോട്ടയത്ത് നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബം മാധ്യമങ്ങളെ കണ്ടിരുന്നു. നവീൻ ബാബുവിനെതിരെ മോശം പരാമർശങ്ങൾ നടത്തിയതിന്റെയും അഴിമതിക്കാരനായി ചിത്രീകരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് പി.പി. ദിവ്യക്കും ടി.വി. പ്രശാന്തനുമെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. അടുത്ത മാസം 11-ന് ഇരുവർക്കും നോട്ടീസ് നൽകാനാണ് കോടതിയുടെ തീരുമാനം.
പ്രശാന്തൻ പലതവണയായി നവീൻ ബാബുവിന് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ കണ്ണൂരിൽ പലവിധ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെന്നും, ഇദ്ദേഹം കൈക്കൂലിക്കാരനാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നും കുടുംബം ആരോപിക്കുന്നു. കോടതിയിൽ വിശ്വാസമുണ്ടെന്നും യഥാർത്ഥ പ്രതികൾ പുറത്തുവരുമെന്നും കുടുംബം അറിയിച്ചു. നിലവിൽ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്താൻ കുടുംബം തയ്യാറായിട്ടില്ല. കേസിന്റെ തുടരന്വേഷണം നടക്കുകയാണ്.