പോർട്ട്െബ്ലയർ: ഊര്‍ജമേഖലയില്‍ സ്വയം പര്യാപ്തയുടെ ശക്തമായ സൂചന നൽകി വന്‍ പ്രഖ്യാപനവുമായി ഇന്ത്യ.ആൻഡമാൻ ദ്വീപുകളിൽ നിന്ന് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി ഓയിൽ ഇന്ത്യ ലിമിറ്റഡ്. എന്നാൽ, കണ്ടെത്തലിന്റെ വ്യാപ്തി കണക്കാക്കാനായിട്ടില്ല. ‘ഓപ്പൺ ഏക്കറേജ് ലൈസൻസിങ്’ പോളിസി പ്രകാരം കമ്പനി നേടിയ ഓഫ്‌ഷോർ ആൻഡമാൻ ബ്ലോക്കിൽ കുഴിച്ചെടുത്ത രണ്ടാമത്തെ എണ്ണ പര്യവേക്ഷണ കിണറായ ‘വിജയപുരം-2ൽ’ പ്രകൃതിവാതകത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതായി ഒ.ഐ.എൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. എണ്ണ കണ്ടെത്തൽ ഈ മേഖലയിൽ ആദ്യത്തേതാണ്.
പ്രാരംഭ ഉൽപാദന പരിശോധനയുടെ ഭാഗമായി ശേഖരിച്ച സാമ്പിളുകളുടെ പ്രാഥമിക വിശകലനം പ്രകൃതിവാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. വാതകത്തിന്റെ ഉത്ഭവം മനസ്സിലാക്കുന്നതിനായി കൂടുതൽ വാതക ഐസോടോപ്പ് പഠനങ്ങൾ നടത്തിവരികയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.ഇന്ത്യയുടെ എണ്ണ ആവശ്യങ്ങൾക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നതിന്റെ 88ശതമാനവും വാതക ആവശ്യങ്ങൾക്കായി വിദേശത്തെ ആശ്രയിക്കുന്നതിന്റെ 50 ശതമാനവും കുറക്കാൻ സഹായിക്കുന്ന ഒരു കണ്ടെത്തൽ ഉണ്ടായേക്കുമെന്ന പ്രതീക്ഷയിൽ, ഓയിൽ ഇന്ത്യ ലിമിറ്റഡും ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനും ആൻഡമാൻ കടലിലെ ഹൈഡ്രോകാർബൺ ശേഖരത്തിനായി അന്വേഷണം നടത്തിവരികയാണ്.ഈ വർഷം മാർച്ചിൽ ഒ.എൻ.ജി.സി ആൻഡമാൻ ഓഫ്‌ഷോറിൽ ഒരു അൾട്രാ-ഡീപ്പ് വാട്ടർ കിണർ കുഴിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, കുഴിക്കലിന്റെ ഫലങ്ങൾ എത്രത്തോളമുണ്ടെന്ന് കമ്പനി സൂചിപ്പിച്ചിട്ടില്ല. പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് ഇത് ഉറവിടത്തിന്റെയോ അതിലേക്കുള്ള പാതയുടെയോ ഹൈഡ്രോകാർബണിന്റെ ശേഖരത്തിന്റെയോ ഒരു പ്രധാന സൂചകമായിരിക്കാം. ഇത് ഭാവിയിലെ പര്യവേക്ഷണത്തിലും ഡ്രില്ലിങ് തന്ത്രത്തിലും സഹായകമായേക്കുമെന്നും ഓയിൽ കമ്പനി പറഞ്ഞു.
ആൻഡമാൻ ഷാലോ ഓഫ്‌ഷോർ ബ്ലോക്കിൽ നടന്നുകൊണ്ടിരിക്കുന്ന പര്യവേക്ഷണ കാമ്പെയ്നിനിടെ ഹൈഡ്രോകാർബണുകൾ ഉണ്ടാകുന്നത് ആദ്യമായിട്ടാണെന്നും കമ്പനി പറഞ്ഞു. കൂടുതലായി വിലയിരുത്തുന്നതിനായി അധിക പരിശോധനയും നടത്തുന്നുണ്ട്.കമ്പനി കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്ത് തീരത്ത് നിന്ന് 9.20 നോട്ടിക്കൽ മൈൽ അകലെ കുഴിച്ച കിണർ 295 മീറ്റർ ആഴത്തിലാണെന്നും ലക്ഷ്യസ്ഥാനം 2,650 മീറ്റർ ആഴത്തിലുമാണെന്നും എണ്ണ മന്ത്രി ഹർദീപ് സിങ് പുരി ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു.വാതക ശേഖരത്തിന്റെ വലിപ്പവും കണ്ടെത്തലിന്റെ വാണിജ്യ സാധ്യതയും വരും മാസങ്ങളിൽ പരിശോധിക്കും. ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം ആൻഡമാൻ തടം പ്രകൃതിവാതകത്താൽ സമ്പന്നമാണെന്ന തങ്ങളുടെ ദീർഘകാല വിശ്വാസത്തെ സ്ഥിരീകരിക്കുന്ന ഒരു പ്രധാന ചുവടുവെപ്പാണെന്നും പുരി പറഞ്ഞു.