ദുരിതാശ്വാസ നിധി കേസിൽ മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം. കേസ് പരിഗണിക്കാമോ എന്നതിൽ ഭിന്ന വിധിയുമായി ലോകായുക്ത. മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്ക് പരിശോധിക്കാമോ എന്നതിൽ ജഡ്ജിമാർക്കിടയിൽ വ്യത്യസ്ത അഭിപ്രായം. കേസ് ഫുൾ ബെഞ്ചിന് വിട്ടു. സമ്മർദ്ദം ചെലുത്തി കേസ് നീട്ടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നാണ് ഹർജിക്കാരന്റെ ആരോപണം.
2019ൽ മറ്റൊരു ലോകായുക്ത ഫുൾ ബെഞ്ച് പരാതി നിലനിൽക്കുമെന്ന് വിധിച്ച കേസിലാണ് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപ ലോകായുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ പുതിയ ബെഞ്ച് അതേ നിയമ പ്രശ്നത്തിൽ ഭിന്നത പറഞ്ഞ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്; അതും ഹർജി നൽകി നാലര വർഷങ്ങൾക്ക് ശേഷം. മന്ത്രിസഭാ തീരുമാനം പരിശോധിക്കാൻ ലോകായുക്തയ്ക്ക് സാധിക്കുമോ എന്നതിലാണ് ഇരുവർക്കും ഭിന്ന അഭിപ്രായം.
ഉപലോകായുക്ത മാത്യു പി ജോസഫ് കൂടി അടങ്ങുന്ന മൂന്നംഗ ബെഞ്ച് പിന്നീട് കേസ് പരിഗണിക്കും.വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഹർജിക്കാരന്റെ തീരുമാനം.
മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും ഇനി വിധി പറയുക. ഇത് നിയമ നടപടികൾ വീണ്ടും വൈകാനാണ് വഴി ഒരുക്കുക.അന്തരിച്ച ഉഴവൂർ വിജയൻ, കെ കെ രാമചന്ദ്രൻ നായർ എം എൽ എ എന്നിവരുടെ കുടുംബത്തിനും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ട് മരിച്ച പോലീസുകാരന്റെ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകിയതിന് എതിരെയായിരുന്നു ഹർജി. ഇത് അഴിമതിയും സ്വജന പക്ഷപാതവും ആണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.