ഗുരുതരമായ പീഡനാരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്ക് കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നു. രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഹൈക്കമാൻഡിന് സമർപ്പിച്ച റിപ്പോർട്ടിലാണ് രാഹുലിനെതിരെ കർശന നടപടിക്ക് ശുപാർശയുള്ളത്. ബംഗളൂരു സ്വദേശിയായ 23-കാരി രാഹുലിനെതിരെ പുതിയ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയതും, തുടർന്ന് പൊലീസ് നടപടികളിലേക്ക് കടന്നതുമാണ് അടിയന്തര നീക്കത്തിന് പാർട്ടിയെ പ്രേരിപ്പിച്ചത്. തുടർച്ചയായി ഉയരുന്ന ആരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുലിനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
കെ. മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയ മുതിർന്ന നേതാക്കൾ രാഹുലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. പാർട്ടിയെ നയിക്കാൻ 'ബ്രഹ്മാസ്ത്രം' പോലെ കണ്ടിരുന്ന രാഹുൽ ഇപ്പോൾ പാർട്ടിക്ക് വലിയ ബാധ്യതയായി മാറിയെന്ന് കെ. മുരളീധരൻ വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി പ്രവർത്തകർക്ക് ചേരാത്ത വിധം അധഃപതിച്ചു എന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിലും രാഹുലിനെ കൈവിടാനാണ് ധാരണയായത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഹുലിന്റെ സാന്നിധ്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.
പുതിയ പരാതിയിൽ ഡിജിപിക്ക് മൊഴി നൽകിയതിന് പിന്നാലെ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവർ ഇദ്ദേഹത്തെ ഒളിവിൽ കഴിയാൻ സഹായിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതി വിധി വരുന്നതിന് മുൻപ് തന്നെ പാർട്ടി നടപടി പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനാണ് കോൺഗ്രസ് നീക്കം.