ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ മനംനൊന്ത് വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു. വർക്കല കല്ലമ്പലത്താണ് സംഭവം നടന്നത്. വധുവിന്റെ അമ്മയെടുത്ത വായ്പയുടെ പേരിൽ ബ്ലേഡ് സംഘം വരന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയതിനെ തുടർന്നാണ് വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയത്.
ജനുവരി ഒന്നിനാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വധുവിന്റെ അമ്മ ബ്ലേഡ് മാഫിയയിൽ നിന്ന് വായ്പ എടുത്തിരുന്നു. ഇതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഗുണ്ടാസംഘം വരന്റെ വീട്ടിലെത്തി വധുവിന്റെ കുടുംബത്തെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും വരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ വിവാഹത്തിൽ നിന്ന് വരൻ പിന്മാറുകയായിരുന്നു.
വിവാഹം മുടങ്ങിയതിൽ മനംനൊന്ത യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. നിലവിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേർക്കെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്ലേഡ് മാഫിയയുടെ ഭീഷണി തടയാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.