Share this Article
News Malayalam 24x7
മാങ്കൂട്ടത്തിലെവിടെ ? ഒളിവില്‍ പോയിട്ട് 5 ദിവസം; അന്വേഷണം ഊർജിതമാക്കി പൊലീസ്
Rahul Mamkootathil

പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിലായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം പൊലീസ് കൂടുതൽ ഊർജിതമാക്കി. അഞ്ച് ദിവസമായിട്ടും രാഹുലിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചാണ് തിരച്ചിൽ തുടരുന്നത്. ഇതിന്റെ ഭാഗമായി രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിലും സുഹൃത്തുക്കളുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും വസതികളിലും പൊലീസ് പരിശോധന നടത്തി. രാഹുലിന്റെ അടൂരിലെ സുഹൃത്തായ ഫെനി നൈനാൻ്റെ വീട്ടിലും പൊലീസ് സംഘം എത്തിയിരുന്നു. കൂടാതെ എം.എൽ.എയുടെ ഡ്രൈവറെ പാലക്കാട്ടെ ഫ്ലാറ്റിലെത്തിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 

പരാതിക്കാരിയായ യുവതി രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ എത്തിയിരുന്നു എന്ന മൊഴി സാധൂകരിക്കുന്നതിനായി ഫ്ലാറ്റിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. ഫ്ലാറ്റിലേക്കുള്ള വഴികളിലുൾപ്പെടെ ഒമ്പതിടങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ഫ്ലാറ്റിലെ കെയർ ടേക്കറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫിനായും തിരച്ചിൽ ശക്തമാണ്. യുവതിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു നൽകിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. പത്തനംതിട്ട മൈലപ്രയിലുള്ള ജോബിയുടെ സുഹൃത്തിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ജോബി അവസാനമായി ഫോണിൽ ബന്ധപ്പെട്ട പൊതുസുഹൃത്തുക്കൾക്ക് തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.


കണ്ണാടി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരാതി ഉയർന്നതിന് പിന്നാലെയാണ് രാഹുൽ അപ്രത്യക്ഷനായത്. കോയമ്പത്തൂരിലെ ഫ്ലാറ്റിലേക്കോ വിദേശത്തേക്കോ കടന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, രാഹുൽ പാലക്കാട് ഉൾപ്പെടെയുള്ള കേരളത്തിലെ ഒളിത്താവളങ്ങളിൽ തന്നെ ഉണ്ടെന്നാണ് പൊലീസ് നിഗമനം. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories