കൊച്ചി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന സമരത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ നടി വിസ്മയ മോഹൻലാൽ. ഒരു ജനാധിപത്യ രാജ്യം സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്ന ചോദ്യം ഉന്നയിച്ച കുറിപ്പ് വിസ്മയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയായിരുന്നു. ഇന്നിത് ചോദ്യം ചെയ്തില്ലെങ്കില്‍ നാളെ നിങ്ങള്‍ക്കും ഈ അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പും കുറിപ്പില്‍ നല്‍കുന്നു. 'വിൽ മേക് ഇറ്റ് എസ്കെ' എന്ന പേജിലെ പോസ്റ്റ് പങ്കുവച്ചാണ് വിസ്മയയുടെ ഐക്യദാര്‍ഢ്യം.
വിസ്മയ പങ്കുവച്ച പോസ്റ്റിന്റെ ഉള്ളടക്കം:
കണ്ണീർവാതകം. ലാത്തിച്ചാർജ്. പരിക്കേറ്റ വിദ്യാർത്ഥികൾ. റോഡ് ഉപരോധം. അടഞ്ഞുകിടക്കുന്ന മെട്രോ സ്റ്റേഷനുകൾ . നഗരത്തിലുടനീളം ശക്തമായ ബാരിക്കേഡുകൾ. ഇന്റർനെറ്റ് വിച്ഛേദിക്കൽ.
നിങ്ങൾക്ക് പ്രതിഷേധക്കാരോട് യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കേണ്ടതുമില്ല. അതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടേണ്ടതുപോലുമില്ല.
പകരം, ശബ്ദമുയർത്തുന്ന പൗരന്മാരോടുള്ള പ്രതികരണം ചർച്ചകൾക്ക് പകരമായി അമിതമായ ബലപ്രയോഗമാണെങ്കിൽ, നാം എങ്ങനെയുള്ളൊരു ജനാധിപത്യത്തിലേക്കാണ് മാറുന്നത് എന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്.