യുദ്ധവിമാനങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ വൈമാനികർക്ക് രക്ഷപ്പെടാനുള്ള അത്യാധുനിക 'ഇജക്ഷൻ' സംവിധാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പൂർണ്ണമായും തദ്ദേശീയമായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതോടെ സ്വന്തമായി ഇജക്ഷൻ സിസ്റ്റം വികസിപ്പിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
ചണ്ഡീഗഡിലെ ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറിയിൽ (TBRL) പ്രത്യേക റെയിൽവേ ട്രാക്കിലായിരുന്നു പരീക്ഷണം നടന്നത്. തേജസ് യുദ്ധവിമാനത്തിന്റെ മുൻഭാഗം ഉപയോഗിച്ച് മണിക്കൂറിൽ 800 കിലോമീറ്റർ വേഗതയിലാണ് സംവിധാനം പ്രവർത്തിപ്പിച്ചത്.
അടിയന്തര ഘട്ടത്തിൽ വിമാനത്തിന്റെ സുരക്ഷാ കവചം (Canopy) വേർപെടുകയും, തുടർന്ന് റോക്കറ്റുകളുടെ സഹായത്തോടെ പൈലറ്റിന്റെ ഇരിപ്പിടം സുരക്ഷിതമായി പുറത്തേക്ക് തെറിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രവർത്തനം.
ബ്രിട്ടൻ, അമേരിക്ക, റഷ്യ എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങൾ. പ്രതിരോധ രംഗത്തെ ഇന്ത്യയുടെ കുതിച്ചുചാട്ടമായാണ് ഈ പരീക്ഷണത്തെ വിലയിരുത്തുന്നത്.