Share this Article
പരീക്ഷയെഴുതിയത് 469 ഹരിയാന സ്വദേശികള്‍; പിടിയിലായവര്‍ കൂലിക്കാര്‍, വിവാദ പരീക്ഷ റദ്ദാക്കണമെന്ന് പൊലീസ്
വെബ് ടീം
posted on 21-08-2023
1 min read

തിരുവനന്തപുരം: ആള്‍മാറാട്ടവും ഹൈടെക് കോപ്പിയടിയും നടത്തിയ ഹരിയാനക്കാർ അറസ്റ്റിൽ ആയതിനെ തുടർന്ന് വിഎസ്എസ് സി പരീക്ഷ റദ്ദാക്കണമെന്ന് പൊലീസ്. ഐഎസ്ആര്‍ഒ നടത്തിയ പരീക്ഷയില്‍ തിരുവനന്തപുരത്ത് 10 കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇതിലായി ഹരിയാനക്കാരായ 469 പേര്‍ പരീക്ഷയെഴുതി. പിടിയിലായ ഹരിയാനക്കാര്‍ കൂലിക്ക് പരീക്ഷ എഴുതാന്‍ എത്തിയവരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 

ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയതിന് അറസ്റ്റിലായ രണ്ടു പേരെ കൂടാതെ, ഇവരെ സഹായിച്ച നാലുപേരെക്കൂടിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെല്ലാം ഹരിയാന സ്വദേശികളാണ്. ഇത്രയധികം പേര്‍ കൂട്ടത്തോടെ ഹരിയാനയില്‍ നിന്നും തിരുവനന്തപുരത്തെത്തി പരീക്ഷ എഴുതിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്തണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

ഈ സാഹചര്യത്തില്‍ ഐഎസ്ആര്‍ഒ നടത്തിയ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ രേഖാമൂലം വിഎസ് എസ് സി പരീക്ഷാ കണ്‍ട്രോളര്‍ക്ക് കത്തു നല്‍കും. വിഎസ്എസ് സിയില്‍ ജോലിക്ക് അപേക്ഷ നല്‍കിയ സുനില്‍ കുമാര്‍, സുമിത്ത് എന്നിവരുടെ പേരില്‍ പരീക്ഷ എഴുതിയത് ഗൗതം ചൗഹാന്‍, മനോജ് കുമാര്‍ എന്നിവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഹൈടെക് പരീക്ഷാ തട്ടിപ്പിനു പുറമെ, ആള്‍മാറാട്ടവും വ്യക്തമായ സാഹചര്യത്തില്‍, കേസില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി അന്വേഷണ സംഘം ഹരിയാനയിലേക്ക് പോകും. ഹരിയാനയിലെ കോച്ചിങ് സെന്റര്‍ ഉടമയാണ് തട്ടിപ്പിന്റെ ആസൂത്രകന്‍. ഈ കോച്ചിങ്ങ് സെന്ററിലെത്തുന്നവരില്‍ നിന്നും വന്‍ തുക വാങ്ങി ജോലി ഉറപ്പു നല്‍കും. 

തുടര്‍ന്ന് ഉടമയുടെ കീഴിലുള്ള ആള്‍മാറാട്ട സംഘം പരീക്ഷാ സെന്ററിലെത്തി പരീക്ഷ എഴുതി മടങ്ങുകയാണ് പതിവ്. ആള്‍മാറാട്ട സംഘത്തിന് പരീക്ഷ നടക്കുന്ന സ്ഥലങ്ങളിലേക്ക് വിമാനടിക്കറ്റ് അടക്കം എടുത്തു നല്‍കും.  ഉദ്യോഗാര്‍ത്ഥിയുടെ സിംകാര്‍ഡ് വാങ്ങി വൈഫൈ വഴി ഉപയോഗിക്കുകയാണ് രീതി.  

ബ്ലൂടൂത്ത് ഇയര്‍ സെറ്റും മൊബൈല്‍ഫോണ്‍ ടീം വ്യൂവറും വച്ചായിരുന്നു ഹരിയാന സ്വദേശികള്‍ കേരളത്തിലെത്തി കോപ്പിയടി നടത്തിയത്. വയറ്റില്‍ ബെല്‍റ്റ് കെട്ടി അതിലാണ് ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഉത്തരങ്ങള്‍ ബ്ലൂടുത്ത് ഹെഡ് സെറ്റ് വഴിയും സ്മാര്‍ട് വാച്ചിലെ സ്‌ക്രീനിലൂടെയും കേട്ടും മനസ്സിലാക്കിയുമാണു സുനില്‍ പരീക്ഷ എഴുതിയത്. ഇയാള്‍ 75 മാര്‍ക്കിന് ഉത്തരങ്ങള്‍ എഴുതി. പിടിക്കപ്പെട്ടതിനാല്‍ സുമിത്തിന് ഒന്നും എഴുതാന്‍ സാധിച്ചിരുന്നില്ല.

കോപ്പിയടി എന്ന നിലയിലാണ് ആദ്യം ഇവര്‍ പിടിയിലാകുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടവും വ്യക്തമായത്. വിഎസ്എസ് സിയുടെ ടെക്നീക്ഷൻ - B ക്യാറ്റഗറി തസ്തിയിലേക്കുള്ള പരീക്ഷയിലാണ് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്.

പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതി ഇട്ടിട്ടുണ്ടെന്ന് തിരുവനന്തപുരത്തെ പൊലീസിന് ഹരിയാനയിൽ നിന്നും  അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതാണ് വൻ തട്ടിപ്പിന്റെ ചുരുളഴിച്ചത്. തുടർന്ന് വിവരം പൊലീസ് പരീക്ഷാ സെന്ററുകളെ അറിയിക്കുകയും കർശന ജാ​ഗ്രതയ്ക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories