കേരള സർവകലാശാലയിൽ രജിസ്ട്രാർ കെ എസ് അനിൽകുമാർ ഒപ്പിട്ടയച്ച ഫയലുകൾ വി സി മോഹനൻ കുന്നുമ്മൽ തള്ളി. പകരം രജിസ്ട്രാർ ഇൻചാർജ് എന്ന നിലക്ക് മിനി കാപ്പൻ അയച്ച ഫയലുകൾ അംഗീകരിച്ചു. വിസിയുടെ നടപടികൾ അംഗീകരിക്കില്ലെന്ന് പറഞ്ഞ സിൻഡിക്കേറ്റ് ഫയലുകൾ ഒപ്പിടുന്നതിൽ മിനി കാപ്പന് മുന്നറിയിപ്പും നൽകി.
വിട്ടുകൊടുക്കാതെ വി സിയും സിൻഡിക്കേറ്റും. അനുദിനം മൂർച്ഛിച്ച് ഭരണപ്പോര്. രജിസ്ട്രാർ എന്ന നിലയിൽ കെ എസ് അനിൽകുമാർ ഒപ്പിട്ടയച്ച ഫയലുകൾ തള്ളുകയും പകരം രജിസ്ട്രാർ ഇൻചാർജ് എന്ന നിലയിൽ മിനി കാപ്പൻ അയച്ച ഫയലുകൾ അംഗീകരിക്കുകയും ചെയ്തതോടെ അനുനയത്തിനില്ലെന്ന് ഉറപ്പിച്ച് വി സി.
അടിയന്തര സ്വഭാവത്തിലുള്ളതടക്കം അനിൽകുമാർ അയച്ച 3 ഫയലുകളാണ് വി സി മടക്കിയത്. എന്നാൽ പതിവ് തെറ്റാതെ ഓഫീസിൽ എത്തുന്നുണ്ട് അനിൽകുമാർ. ഫയൽ നീക്കം സംബന്ധിച്ച ചോദ്യത്തിൽ വരട്ടെ നോക്കാം എന്നായിരുന്നു അനിൽകുമാറിന്റെ മറുപടി.
നിയമവിരുദ്ധവും ക്രമവിരുദ്ധവുമായ നടപടികൾ വി സി തുടരുകയാണെന്ന് സിൻഡിക്കേറ്റ്. ഫയലുകൾ ഒപ്പിടുന്നതിൽ മിനി കാപ്പന് മുന്നറിയിപ്പ് നൽകിയ ഇടത് സിന്ഡിക്കേറ്റ് അംഗങ്ങൾ, അടിയന്തര സിന്ഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് വി സി ഇൻ ചാർജിന് കത്ത് നൽകി
മറുവശത്ത് കെ എസ് അനിൽകുമാർ സർവകലാശാലയിൽ അനധികൃതമായി അതിക്രമിച്ചു കയറി എന്ന ആരോപണമുയർത്തി കോടതിയെ സമീപിക്കാനാണ് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളുടെ തീരുമാനം. അയവില്ലാതെ തുടരുന്ന പോരിന് ഇനി എന്ത് പരിഹാരമെന്നതാണ് അറിയേണ്ടത്…