ലഖ്‌നൗ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയരാൻ ശ്രമിച്ച ഇൻഡിഗോ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. വിമാനത്തിൽ 151 യാത്രക്കാരുണ്ടായിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. റൺവേയിലൂടെ പറന്നുയരാൻ ശ്രമിച്ച ഇൻഡിഗോ വിമാനം റൺവേയുടെ അവസാനത്തിലേക്ക് എത്തിയപ്പോഴും പറന്നുയരാൻ കഴിഞ്ഞില്ല. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതാണ് കാരണം.
തുടർന്ന് പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണം വിമാനം ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു. ഇതോടെ വൻ ദുരന്തം ഒഴിവായി. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് അയക്കുകയും ചെയ്തു. സമാജ്‌വാദി പാർട്ടി എം.പി. ഡിംപിൾ യാദവ് അടക്കമുള്ള പ്രമുഖർ ഈ വിമാനത്തിൽ ഉണ്ടായിരുന്നു.
ഇൻഡിഗോ വിമാനങ്ങൾക്ക് നേരത്തെയും സമാനമായ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം അബുദാബിയിലേക്ക് പോയ ഒരു ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ കാരണം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. സാധാരണയായി കാലപ്പഴക്കം ചെന്ന വിമാനങ്ങൾക്ക് ഇത്തരം സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്.