പമ്പ: മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തനാണെന്നും അടുത്തതവണ അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വേറെയാരും മുഖ്യമന്ത്രിയായിട്ട് കാര്യമില്ല. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യത പിണറായി വിജയന് മാത്രമേയുള്ളൂ. ശബരിമലയിൽ വരുന്ന ഭക്തരിൽ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി പമ്പയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം പേരും ഭക്തരാണ്. പണ്ട് പലതും പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി തന്നെ രണ്ട് തവണ ഇവിടെ വന്നിട്ടുണ്ട്. അവലോകനയോഗത്തിനായാലും എത്തിയല്ലോ. ഭക്തനല്ലെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വരാന്‍ സാധിക്കുമോ. ഇവര്‍ക്കൊക്കെ മനസില്‍ ഭക്തിയുണ്ട്. സംഗമവേദിയിൽ സമ്മാനിച്ച അയ്യപ്പ വിഗ്രഹം അദ്ദേഹം ഹൃദയംകൊണ്ട് സ്വീകരിച്ചില്ലേ- വെള്ളാപ്പള്ളി ചോദിച്ചു.
പിണറായി വിജയനെ ഞാനും എന്നെ അദ്ദേഹവും മുമ്പ് പൊക്കിക്കൊണ്ട് നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയാകാൻ യോഗ്യന്മാരുണ്ടായിരിക്കാം. പക്ഷേ, കൊണ്ടു നടക്കാനുള്ള ലീഡര്‍ഷിപ്പ് ക്വാളിറ്റി പിണറായിക്ക് മാത്രമാണുള്ളത്. എല്ലാത്തിനെയും മെരുക്കിക്കൊണ്ട് പോകാനുള്ള ശക്തി പിണറായിക്കാണുള്ളത്. ഇതുപോലെ ഇടതുപക്ഷത്ത് മറ്റാർക്കുമില്ല. അപ്പുറത്ത് യു.ഡി.എഫില്‍ തമ്മിലടിയാണ്. യു.ഡി.എഫ് അപ്രസക്തമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമ വേദിയിലേക്ക് പിണറായിക്കൊപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക കാറിലാണ് വെള്ളാപ്പള്ളി എത്തിയത്.