പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമാകുന്നു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ലാരിജാനിക്കൊപ്പം ഇറാൻ ബാസിജ് കമാൻഡർ ഗുലാം റിസാ സുലൈമാനിയും കൊല്ലപ്പെട്ടിട്ടുണ്ട്. ആയത്തുള്ള ഖമേനിയുടെ മരണത്തിന് ശേഷം ഇറാന്റെ നയതന്ത്ര-സുരക്ഷാ മേഖലകളിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു ലാരിജാനി.
സംഘർഷം 18-ാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി. യു.എ.ഇയിലും ഖത്തറിലും ഇത്തവണ ഈദ് ഗാഹുകൾ ഒഴിവാക്കി നിസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തി.
അതേസമയം, ഇറാന് എതിരായ സൈനിക നീക്കങ്ങളിൽ ഒപ്പം ചേരാത്തതിന് നാറ്റോ രാജ്യങ്ങളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. അമേരിക്ക ലോകത്തിലെ ഏറ്റവും കരുത്തുള്ള രാജ്യമാണെന്നും ആരുടെയും സഹായം ആവശ്യമില്ലെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി വ്യക്തമാക്കി.