Share this Article
News Malayalam 24x7
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ CPIM - CPI തര്‍ക്കം തുടരുന്നു
CPIM and CPI Dispute Over LDF Assembly Deputy Leadership Continues

നിയമസഭയിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഉപനേതൃസ്ഥാനത്തെച്ചൊല്ലി സിപിഐഎമ്മും സിപിഐയും തമ്മിലുള്ള തർക്കം സജീവമായി തുടരുന്നു. തങ്ങൾക്ക് ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുമ്പോൾ, പരമ്പരാഗതമായി കൈവശമുള്ള പദവി വിട്ടുനൽകാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് സിപിഐഎം. തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായി ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ ഇന്ന് ചർച്ച നടത്തിയേക്കും.

മുന്നണിയിൽ തങ്ങൾക്ക് അർഹതപ്പെട്ട ഉപനേതൃസ്ഥാനം നൽകണമെന്ന ആവശ്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ കൃത്യമായ ഒരു തീരുമാനമുണ്ടാകാതെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന കടുത്ത നിലപാടിലാണ് സിപിഐ ഉള്ളത്. എൽഡിഎഫിലെ ആകെ 35 അംഗങ്ങളിൽ എട്ട് പേർ സിപിഐ അംഗങ്ങളാണ്.


എന്നാൽ, എൽഡിഎഫിൽ ഉപനേതാവ് പദവി സിപിഐഎം തന്നെ കൈവശം വെക്കുന്നതാണ് നിലവിലെ കീഴ്‌വഴക്കമെന്നും അത് വിട്ടുനൽകാൻ കഴിയില്ലെന്നുമാണ് സിപിഐഎം വ്യക്തമാക്കുന്നത്. നിലവിലെ പ്രതിപക്ഷ ഉപനേതാവ് കെ.എൻ. ബാലഗോപാൽ തന്നെ പദവിയിൽ തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്. ഇരുപാർട്ടികളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ച മുന്നണിയിലെ തർക്കങ്ങൾ പരിഹരിക്കാൻ നിർണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories