കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തദ്ദേശ തെരഞ്ഞെടുപ്പ നടക്കുന്ന ഘട്ടത്തില്‍ എസ്‌ഐആര്‍ നടപടികള്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നടപടികള്‍ നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സിപിഐ, മുസ്ലീംലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ എസ്.വി.എന്‍ ഭട്ടി, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. കേരളത്തിന്റെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ ഹര്‍ജികള്‍ ഇന്നും മറ്റു ഹര്‍ജികള്‍ ഡിസംബര്‍ ആദ്യവാരവും പരിഗണിക്കും. കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. നവംബര്‍ 21 ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ ഹാജരായിരുന്നില്ല. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയ കോടതി, കമ്മീഷന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ടെന്നും കാണിച്ച് ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.