ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ്വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമാകുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രാപ്രദേശിന്റെ തെക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ പുതുച്ചേരിയിലെയും വിഴുപ്പുറത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ ഇതുവരെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഡിറ്റ്വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ വൻ നാശനഷ്ടങ്ങളാണ് വരുത്തിവച്ചിരിക്കുന്നത്. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 334 ആയി ഉയർന്നു. 12 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചതായി ശ്രീലങ്കൻ സർക്കാർ അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്.
ശ്രീലങ്കയെ സഹായിക്കാനായി ഇന്ത്യൻ വ്യോമസേന രംഗത്തെത്തി. 700-ലധികം ഇന്ത്യക്കാരെയും 237 മലയാളികളെയും സുരക്ഷിതമായി നാട്ടിലെത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വിമാനങ്ങളും ഹെലികോപ്റ്ററുകളും ശ്രീലങ്കയിൽ സജീവമാണ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ശ്രീലങ്കൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു. വിങ് കമാൻഡർ നിർമ്മൽ സിയാബലാപിതിയ ആണ് മരിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജിൻ നദിയിലേക്കാണ് ഹെലികോപ്റ്റർ തകർന്നു വീണത്.