Share this Article
News Malayalam 24x7
സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച, പ്രചാരണത്തിലും പാളിച്ച, പാര്‍ട്ടി ആഴത്തില്‍ തിരുത്തല്‍ നടത്തുമെന്ന് എം എ ബേബി
വെബ് ടീം
0 hours 59 Minutes Ago
1 min read
ma baby

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചതായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇക്കാര്യത്തില്‍ പാര്‍ട്ടി ആഴത്തില്‍ തിരുത്തല്‍ നടത്തും. തിരുത്തല്‍ നടപടികള്‍ എങ്ങനെ വേണം എന്ന് കേരളത്തില്‍ വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കുമെന്നും എം എ ബേബി പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം എ ബേബി.വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെര‍ഞ്ഞെടുപ്പുകളുടെ ഫലം കേന്ദ്രകമ്മിറ്റിയോ​ഗം വിശദമായി വിലയിരുത്തിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. 

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ച സംബന്ധിച്ച് ഏതെങ്കിലും ഒരു മണ്ഡലത്തിന്റെ കാര്യം പറയാന്‍ കഴിയില്ല. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് ആണോ വീഴ്ച എന്ന് ചോദിച്ചാല്‍, വ്യക്തികള്‍ ചേര്‍ന്ന പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു എന്ന് പറയാം. ഓരോ അംഗത്തിനും വീഴ്ച വന്നു. പാര്‍ട്ടിക്ക് പല തലത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായി. ഏതെങ്കിലും വ്യക്തി എന്നല്ലെന്നും എം എ ബേബി പറഞ്ഞു.തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടും എം എ ബേബി പ്രതികരിച്ചു. സിപിഐഎമ്മില്‍ നിന്ന് ജനം കൂടുതല്‍ ധാര്‍മ്മികത ആവശ്യപ്പെടുന്നുണ്ട് എന്നായിരുന്നു എം എ ബേബി പറഞ്ഞത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായി. തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകും. പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. വിവാഹം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും പങ്കാളികള്‍ ഉണ്ടാകുമെന്നും അവര്‍ ആ ബന്ധത്തിന്റ പേരിലും അറിയപ്പെടുകയാണെന്നും എം എ ബേബി പറഞ്ഞു. പ്രചാരണം നയിച്ച ആളുകള്‍ക്ക് തെറ്റുപറ്റി എന്ന് സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഇല്ല. മറ്റ് കാര്യങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണെന്നും എം എ ബേബി പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയം നേതാക്കന്മാരുടെ പെരുമാറ്റത്തില്‍ പ്രശ്‌നമുണ്ടായെന്നും എം എ ബേബി ചൂണ്ടിക്കാട്ടി. നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ചിലരുടെ പെരുമാറ്റമല്ല. പാര്‍ട്ടിയില്‍ പെരുമാറ്റത്തില്‍ അടിമുടി മാറ്റം വേണം. ഇക്കാര്യം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജനങ്ങളോടുള്ള വിനയം, കേള്‍ക്കാനുള്ള മനസ് എന്നിവ വേണമെന്നും എം എ ബേബി പറഞ്ഞു. സംസ്ഥാനത്തെ കാര്യങ്ങള്‍ വിശാല സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. വിശാല സംസ്ഥാന സമിതി സെപ്റ്റംബറില്‍ ചേരുമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 6.6ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് അടിവരയിടുന്നതാണ് ആർബിഐയുടെ ജൂണിലെ ബുള്ളറ്റിൻ. കാവർഷക്കെടുതിയും പ്രതിസന്ധി രൂക്ഷമാക്കും. സംസ്ഥാനങ്ങളുമായോ രാഷ്ട്രീയ പാർടികളുമായോ കൂടിയാലോചിക്കാതെയാണ് ബിജെപി സർക്കാർ ഭക്ഷ്യസുരക്ഷാ നിയമത്തിലെ ഭേദ​ഗതി അവതരിപ്പിച്ചത്. രാജ്യത്തെ ദുർബലവിഭാ​ഗങ്ങളെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും സാരമായി ബാധിക്കുന്നതാണ് ഈ നീക്കം. സംഘപരിവാറിന് രാജ്യത്തോടോ അവർ പറയുന്ന വിശ്വാസങ്ങളോടെ യാതൊരു ഉത്കണ്ഠയുമില്ലെന്ന് തെളിയിക്കുന്നതാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ തട്ടിപ്പ്. ക്ഷേത്രക്കൊള്ളയിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ജനസംഖ്യാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് ഉന്നതാധികാര സമിതിയെ രൂപീകരിച്ചത് അപകടകരമായ നീക്കമാണ്. ഈ സമിതിയിൽ വിദ​ഗ്ധരായ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ന്യൂനപക്ഷവിഭാ​ഗങ്ങളെ ലക്ഷ്യംവെച്ചുള്ള ആർഎസ്എസിന്റെ പദ്ധതിയാണിത്. ഭാവിയിൽ പൗരത്വ നിയമവുമായും ഇതിനെ ബന്ധിപ്പിച്ചേക്കും. ജർമനിയിൽ അഡോൾഫ് ഹിറ്റ്ലർ നടപ്പാക്കിയ ന്യൂറംബർഗ് നിയമങ്ങളുമായും സാദൃശ്യമുണ്ട്. ഈ നടപടികളെല്ലാം ബിജെപി സർക്കാരിന്റെ നവഫാസിസ്റ്റ് പ്രവണതകളെ തുറന്നുകാട്ടുന്നതാണ്.

കേരളത്തിലെ യുഡിഎഫ് സർക്കാര്‍ മൃദുഹിന്ദുത്വ നടപടികളാണ് സ്വീകരിക്കുനന്ത്. ​ഗവർണർ ആർഎസ്എസുകാരെ യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർമാരായി നിയമിച്ചപ്പോൾ സർക്കാർ യാതൊരു എതിർപ്പും ഉന്നയിച്ചില്ല. വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റം സംബന്ധിച്ച് ദുർബലമായ വാദങ്ങളാണ് സർക്കാർ ഉയർത്തുന്നത്.

കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർ‌ച്ചയും പ്രഖ്യാപിച്ചിട്ടുള്ള ആ​ഗസ്ത് 10ലെ പ്രക്ഷോഭത്തിന് പാർടി പിന്തുണ നൽകുമെന്നും എം എ ബേബി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories