Share this Article
News Malayalam 24x7
രാജ്യത്ത് റെയില്‍വേ ഭൂമികളില്‍ നടക്കുന്നത് വന്‍ കയ്യേറ്റം; കയ്യേറിയത് 1,068.54 ഹെക്ടര്‍ ഭൂമി
Indian Railways

രാജ്യത്ത് ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമികളിൽ വൻതോതിൽ കയ്യേറ്റം നടക്കുന്നതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റെയിൽവേ ഭൂമിയിലെ കയ്യേറ്റത്തിൽ 32 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്. നിലവിൽ 1,068.54 ഹെക്ടർ റെയിൽവേ ഭൂമി വിവിധ വ്യക്തികളും സ്ഥാപനങ്ങളും കയ്യേറിയിരിക്കുകയാണ്. ഇന്ത്യൻ റെയിൽവേയിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം, 2020-21 സാമ്പത്തിക വർഷത്തിൽ 810.31 ഹെക്ടർ ഭൂമിയായിരുന്നു കയ്യേറ്റത്തിലുണ്ടായിരുന്നത്. തൊട്ടടുത്ത വർഷമായ 2021-22ൽ ഇത് 782.81 ഹെക്ടറായി കുറയ്ക്കാൻ റെയിൽവേയ്ക്ക് സാധിച്ചിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ കയ്യേറ്റം വീണ്ടും വർദ്ധിക്കുകയും നിലവിലത് 1,078.55 ഹെക്ടറായി ഉയരുകയും ചെയ്യുകയായിരുന്നു.


ഏപ്രിൽ ഒന്നു വരെയുള്ള കണക്കുകൾ അനുസരിച്ച് ഏകദേശം 4.99 ലക്ഷം ഹെക്ടർ ഭൂമിയാണ് ഇന്ത്യൻ റെയിൽവേയുടെ കൈവശമുള്ളത്. ഇതിൽ 0.21 ശതമാനം ഭൂമിയാണ് നിലവിൽ നിയമവിരുദ്ധമായി കയ്യേറിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വെറും 98.02 ഹെക്ടർ ഭൂമി മാത്രമാണ് കയ്യേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിക്കാൻ സാധിച്ചതെന്നും റെയിൽവേ വ്യക്തമാക്കുന്നു. ഇത് തിരിച്ചുപിടിക്കുന്നതിലെ മന്ദഗതിയെയും ചൂണ്ടിക്കാണിക്കുന്നു.


അതേസമയം, സംസ്ഥാനങ്ങൾ തിരിച്ച് റെയിൽവേ ഭൂമിയിലെ കയ്യേറ്റത്തിന്റെ വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും, ഇത്തരത്തിലുള്ള സംസ്ഥാന അടിസ്ഥാനത്തിലുള്ള പ്രത്യേകം കണക്കുകൾ സൂക്ഷിക്കുന്നില്ലെന്നാണ് റെയിൽവേ നൽകിയ മറുപടി. റെയിൽവേയുടെ ഭൂസംരക്ഷണ നടപടികളുടെ കാര്യക്ഷമതയെക്കുറിച്ച് വലിയ ചർച്ചകൾക്ക് ഈ വിവരാവകാശ രേഖകൾ വഴിവെച്ചേക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories