Share this Article
News Malayalam 24x7
പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്; ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാൻ്റെ മിസൈല്‍ ആക്രമണം
Middle East Tensions

ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായി. യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമാക്കിയാണ് ഇറാന്റെ മിസൈൽ ആക്രമണമുണ്ടായത്. ആക്രമണങ്ങളെ പ്രതിരോധിക്കാൻ സജ്ജമാണെന്ന് യു.എ.ഇ, ഖത്തർ പ്രതിരോധ മന്ത്രാലയങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിലെ വിവിധയിടങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്.

ബഹ്‌റൈനിൽ ഇറാന്റെ കനത്ത ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയിട്ടുണ്ട്. സ്വദേശികളും വിദേശികളുമായ താമസക്കാർ എത്രയും വേഗം തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മന്ത്രാലയം അറിയിച്ചു. ഒപ്പം ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി.


സംഘർഷം കടുത്തതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. മേഖലയിലെ യു.എസ് ഇടപെടലുകൾ അവസാനിക്കുന്നത് വരെ ഹോർമുസ് വഴി കപ്പലുകൾ കടത്തിവിടില്ലെന്ന നിലപാടിലാണ് ഇറാൻ. നേരത്തെ അനധികൃതമായി കടക്കാൻ ശ്രമിച്ച കപ്പലിനെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചത്.


അതിനിടെ, കപ്പലുകളെ ആക്രമിക്കുന്ന ഇറാന്റെ നടപടിക്കെതിരെ യു.എസ് സെൻട്രൽ കമാൻഡ് മൂന്നാം ഘട്ട വ്യോമാക്രമണം ആരംഭിച്ചതായി പ്രഖ്യാപിച്ചു. കടലിടുക്കിന്റെ തീരപ്രദേശങ്ങളായ ബന്ദർ അബ്ബാസ്, സിരിക് തുടങ്ങിയ ഇറാനിയൻ നഗരങ്ങളിൽ വ്യോമാക്രമണത്തെ തുടർന്ന് ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസ് ഇടപെടൽ അവസാനിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories