Share this Article
News Malayalam 24x7
PSC പരീക്ഷ തട്ടിപ്പ്; പരാതിക്കാരിയുടെ മൊഴിയെടുത്ത് ക്രൈംബാഞ്ച്
Kerala PSC Exam Irregularities Case

സംസ്ഥാന ആസൂത്രണ ബോർഡിലെ തസ്തികകളിലേക്കുള്ള പരീക്ഷ ഉൾപ്പെടെയുള്ള പി.എസ്.സി പരീക്ഷാ ക്രമക്കേടുകളിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം (SIT) അന്വേഷണം ഊർജിതമാക്കി. ഇതിൻ്റെ ഭാഗമായി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നേരത്തെ പരാതി നൽകിയിരുന്ന ഉദ്യോഗാർത്ഥികളുടെ വിശദമായ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. കേസിൽ ഉൾപ്പെട്ട പി.എസ്.സി ജീവനക്കാരുടെ മൊഴിയും ഉടൻ തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം.

അന്വേഷണത്തിൻ്റെ ആദ്യഘട്ടമായി പരീക്ഷകളുടെ വിശദമായ വിവരങ്ങളും ഫയലുകളും ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച പി.എസ്.സിക്ക് ഔദ്യോഗികമായി കത്ത് നൽകും. ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിലേക്ക് ദൗത്യസംഘം കടന്നിട്ടുണ്ട്. വിവാദ പരീക്ഷകളുടെ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാനും അന്വേഷണസംഘം പി.എസ്.സിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


വിവിധ പരീക്ഷകളിലെ 642 തസ്തികകളിലേക്കുള്ള ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പി.എസ്.സി കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. എന്നാൽ പരീക്ഷാ ക്രമക്കേടുകളിലെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ഈ ഉത്തരക്കടലാസുകൾ നശിപ്പിക്കുന്നത് തെളിവുകൾ ഇല്ലാതാകാൻ കാരണമായേക്കാമെന്നതിനാൽ, പ്രസ്തുത തീരുമാനം നടപ്പാക്കരുതെന്ന് ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് കർശന നിർദ്ദേശം നൽകി.


തിങ്കളാഴ്ച ചേരുന്ന പി.എസ്.സി ബോർഡ് യോഗം ഈ വിഷയത്തിൽ നിർണ്ണായകമാകും. ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന രേഖകൾ കൈമാറുന്നതിലെ നിയമപരമായ വശങ്ങളും അന്വേഷണത്തിൽ സ്വീകരിക്കേണ്ട നിലപാടും ഈ യോഗത്തിൽ ചർച്ച ചെയ്തേക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യവും പി.എസ്.സിയുടെ ആലോചനയിലുണ്ട്. ക്രൈംബ്രാഞ്ച് ഐ.ജി എസ്. അജീത ബീഗത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories