സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് നാളെ ജനവിധി തേടുന്നത്. ആവേശകരമായ പരസ്യപ്രചാരണം ഇന്നലെ സമാപിച്ചതോടെ ഇന്ന് സ്ഥാനാർത്ഥികളും മുന്നണി പ്രവർത്തകരും വീടുകൾ കയറിയിറങ്ങിയുള്ള നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ്. വോട്ടർമാരെ നേരിൽക്കണ്ട് അവസാനവട്ട വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിനായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 9 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.
ആദ്യഘട്ട വോട്ടെടുപ്പിൽ 70.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ, രാഷ്ട്രീയമായി ഏറെ ചലനങ്ങളുള്ള വടക്കൻ കേരളത്തിൽ രണ്ടാം ഘട്ടത്തിൽ പോളിംഗ് ശതമാനം ഇതിലും ഉയരുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എറണാകുളത്ത് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയപ്പോൾ തിരുവനന്തപുരത്ത് കുറവായിരുന്നു എന്നത് പാർട്ടികളെ ചിന്തിപ്പിക്കുന്നുണ്ടെങ്കിലും, മലബാർ മേഖലയിലെ വീറും വാശിയും പോളിംഗ് ബൂത്തുകളിൽ പ്രതിഫലിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. 604 തദ്ദേശ സ്ഥാപനങ്ങളിലായി 12,391 വാർഡുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന കണ്ണൂർ ജില്ലയിൽ കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ആകെ 2055 പ്രശ്നബാധിത ബൂത്തുകളാണുള്ളത്, ഇതിൽ 1025 എണ്ണവും കണ്ണൂർ ജില്ലയിലാണ്. പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഉൾപ്പെടെയുള്ള കർശന നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കണ്ണൂർ കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാൻ സി.പി.എമ്മും നിലനിർത്താൻ യു.ഡി.എഫും കിണഞ്ഞുശ്രമിക്കുന്നു. പ്രവാസി വോട്ടുകൾ ഏറെ നിർണ്ണായകമായ കാസർകോട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം നിശ്ചയിക്കുന്നതിൽ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന സ്കൂളുകൾക്കും അങ്കണവാടികൾക്കും ഡിസംബർ 11-ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 13-നാണ് വോട്ടെണ്ണൽ.