മലപ്പുറം: നിലമ്പൂരില്‍ കാലില്‍ പരിക്കേറ്റ കാട്ടാന അവശനിലയില്‍ തുടരുന്നു. പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറയിലാണ് ജനവാസ മേഖലയോട് ചേര്‍ന്ന് ആന തുടരുന്നത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയ്ക്ക് മരുന്നുനല്‍കി.
കാട്ടാനയുടെ ദയനീയാവസ്ഥ വാര്‍ത്തയായതോടെയാണ് വനംവകുപ്പ് ഇടപെട്ടത്. വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തി ആനയ്ക്ക് ചികിത്സ നല്‍കുന്നുണ്ട്. കാഞ്ഞിരപ്പുഴ വനം സ്റ്റേഷന്‍ പരിധിയിലെ കവളപ്പാറ ഭാഗത്ത് വനാതിര്‍ത്തിയോട് ചേര്‍ന്നാണ് നിലവില്‍ ആനയുള്ളത്.
ആനയുടെ പിന്‍കാലിലെ മുറിവ് ഉണങ്ങിയിട്ടില്ല. സുരക്ഷിതമായ സ്ഥലത്തെത്തിച്ച് മരുന്ന് നല്‍കിയാല്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ആനയെ
പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ കഴിയും.
നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാനകള്‍ ചരിയുന്ന സംഭവങ്ങള്‍ കൂടി വരികയാണ്. യഥാസമയം പരിക്കേല്‍ക്കുന്ന ആനകളെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനായാല്‍ പരിഹാരമുണ്ടാകും. കൃഷിയിടത്തില്‍ തെങ്ങ് മറിച്ചിടുന്നതിനിടെയാണ് ആനയുടെ കാലിന് പരിക്കേറ്റത്. തെങ്ങ് വീണ് മറിഞ്ഞ വൈദ്യുതി തൂണ്‍ ആനയുടെ കാലിലേക്ക് വീഴുകയായിരുന്നു.