അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ തിരുവനന്തപുരം വിജിലൻസ് എസ്.പി. എം.ആർ. അജിത്കുമാറിനെതിരെ നടന്നിരുന്ന വിജിലൻസ് അന്വേഷണം റദ്ദാക്കി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി. ഇതോടെ അജിത്കുമാറിന് താൽക്കാലിക ആശ്വാസമായി.
വിജിലൻസ് അന്വേഷണം നിയമപരമല്ലെന്നും നടപടിക്രമങ്ങൾക്ക് വിരുദ്ധമായാണ് അന്വേഷണം നടന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അജിത്കുമാർ ഹൈക്കോടതിയെ സമീപിച്ചത്. മുൻപ് ഈ കേസിൽ തുടരന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
സർക്കാരിന്റെ അനുമതിയില്ലാതെ വിജിലൻസ് അന്വേഷണം സാധ്യമല്ലെന്നും, കേസിലെ പരാതിക്കാരന് ഇനി സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടാമെന്നും കോടതി വ്യക്തമാക്കി. അനുമതി തേടിയ ശേഷം പരാതിക്കാരന് വീണ്ടും വിജിലൻസിനെ സമീപിക്കാം.
മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ റിപ്പോർട്ടിൽ നിന്ന് നീക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ചില അദൃശ്യശക്തികൾ അന്വേഷണത്തിൽ ഇടപെട്ടു എന്ന തരത്തിലുള്ള പരാമർശങ്ങൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഈ പരാമർശങ്ങൾ അനാവശ്യമാണെന്നും ഹൈക്കോടതി വിലയിരുത്തി. അതേസമയം, തിരുവനന്തപുരം വിജിലൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.