അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനത്തെ ഭാഗികമായി നിയമവിധേയമാക്കി താലിബാൻ ഭരണകൂടം. ഭാര്യയുടെ ശരീരത്തിൽ മുറിവുകളോ എല്ല് ഒടിഞ്ഞതോ ആയ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പീഡന പരാതികൾ നിലനിൽക്കില്ലെന്നാണ് പുതിയ ക്രിമിനൽ നിയമം വ്യക്തമാക്കുന്നത്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട പുതിയ പീനൽ കോഡിലാണ് ഈ വിവാദ നിയമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.ശിക്ഷ വെറും 15 ദിവസത്തെ തടവ് ഭാര്യയെ മർദ്ദിക്കുന്നത് കുറ്റകരമല്ലാതാക്കിയ പുതിയ നിയമപ്രകാരം, മർദ്ദനത്തിൽ എല്ലിന് ഒടിവോ മുറിവോ സംഭവിക്കുകയാണെങ്കിൽ മാത്രമേ കേസെടുക്കാൻ സാധിക്കൂ. അത്തരം സാഹചര്യത്തിൽ പോലും കുറ്റക്കാരനായ പുരുഷന് ലഭിക്കുന്ന ശിക്ഷ വെറും 15 ദിവസത്തെ തടവ് മാത്രമാണ്.
ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്ക് കോടതിയിൽ അത് തെളിയിക്കുക എന്നത് അതീവ ദുഷ്കരമായിരിക്കും. ശരീരം പൂർണ്ണമായും മറച്ചുകൊണ്ട് തന്നെ മുറിവുകൾ കോടതിയിൽ പ്രദർശിപ്പിക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ, കോടതിയിൽ ഹാജരാകുമ്പോൾ പരാതിക്കാരിയുടെ കൂടെ ഭർത്താവോ അല്ലെങ്കിൽ മറ്റൊരു പുരുഷ രക്ഷാധികാരിയോ (മഹ്റം) ഉണ്ടായിരിക്കണമെന്നും നിയമം അനുശാസിക്കുന്നു.
വിവാഹിതയായ ഒരു സ്ത്രീ ഭർത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിക്കുന്നത് വലിയ കുറ്റമായാണ് പുതിയ നിയമം കാണുന്നത്. ഭർത്താവിന്റെ അനുമതിയില്ലാതെ ബന്ധുവീടുകളിൽ പോയാൽ മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കു മേൽ താലിബാൻ ഏർപ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയരുകയാണ്.