ന്യൂഡൽഹി: 2028-ലെ യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് (COP33) ആതിഥേയത്വം വഹിക്കാനുള്ള നീക്കത്തിൽനിന്ന് ഇന്ത്യ പിന്മാറി. വെള്ളിയാഴ്ച നടന്ന പ്രതിവാര വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഈ നീക്കമെന്ന് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
2023-ൽ ദുബായിൽ നടന്ന സി.ഒ.പി- 28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2028-ലെ ഉച്ചകോടി ഇന്ത്യയിൽ നടത്താമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ആഗോള കാലാവസ്ഥാ ചർച്ചകളിൽ ഇന്ത്യയുടെ നേതൃത്വവും 'ഗ്ലോബൽ സൗത്തിന്റെ' ശബ്ദമായി മാറാനുള്ള താൽപ്പര്യവുമാണ് തീരുമാനത്തിനുപിന്നിലെന്ന് രാജ്യം അറിയിച്ചിരുന്നു.2024- ജൂലൈയിൽ ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാജ്യങ്ങൾ ഇന്ത്യയുടെ ഈ നിർദേശത്തിന് പിന്തുണ നൽകിയിരുന്നു. ഉച്ചകോടിയുടെ നടത്തിപ്പിനായി 2025 ജൂലൈയിൽ പരിസ്ഥിതി മന്ത്രാലയം പ്രത്യേക 'സി.ഒ.പി 33 സെൽ' രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.