അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവനയായി ലഭിച്ച വൻ തോതിലുള്ള വെള്ളിക്കട്ടകൾ കാണാനില്ലെന്ന് റിപ്പോർട്ട്. ക്ഷേത്രത്തിന്റെ സംഭാവന രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ള 60 കിലോഗ്രാം ഭാരമുള്ള വെള്ളിക്കട്ടകളാണ് കാണാതായിരിക്കുന്നത്. ഇവയ്ക്ക് വിപണിയിൽ ഏകദേശം ഒന്നരക്കോടി രൂപയോളം വിലവരും.
ക്ഷേത്ര നിർമ്മാണത്തിനായി ജ്വല്ലേഴ്‌സ് അസോസിയേഷൻ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയതാണ് ഈ വെള്ളിക്കട്ടകൾ. എന്നാൽ ഈ വെള്ളിക്കട്ടകൾ നിലവിൽ എവിടെയാണെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് ക്ഷേത്ര ട്രസ്റ്റിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം (SIT) ഈ വെള്ളിക്കട്ടകൾക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട രേഖകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തിവരികയാണ്. എന്നാൽ ഇതുവരെ ഇവ എവിടെയാണെന്നതിനെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
കേസന്വേഷണത്തിന്റെ ഭാഗമായി, രാംലല്ലയ്ക്ക് ലഭിക്കുന്ന ആഭരണങ്ങളുടെയും മറ്റ് വഴിപാടുകളുടെയും മേൽനോട്ട ചുമതലയുള്ള കൃഷ്ണദേവ തിവാരി ഉൾപ്പെടെ നാല് പുരോഹിതന്മാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
അതേസമയം, വെള്ളിക്കട്ടകൾ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയതിന്റെ കൃത്യമായ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്ന് ജ്വല്ലേഴ്‌സ് അസോസിയേഷൻ ഭാരവാഹിയായ അനുരാഗ് രസ്‌തോഗി വെളിപ്പെടുത്തി. ക്ഷേത്ര ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട പൂജകളിലോ തുടർന്നുണ്ടായ നിർമ്മാണ ഘട്ടങ്ങളിലോ ഈ വെള്ളിക്കട്ടകൾ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിൽ നിന്നും ഇത്രയധികം വെള്ളി കാണാതായത് വലിയ സുരക്ഷാ ക്രമക്കേടുകളിലേക്കും അഴിമതി ആരോപണങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.