ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു. ഇന്നലെ പുലർച്ചെ ഒരു മണിക്കും രണ്ടരയ്ക്കും ഇടയിലുള്ള സമയത്താണ് കശ്മീരിലെ പുൽവാമ ജില്ലയിലുള്ള കോയൽ ഗ്രാമത്തിലെ ഉമർ നബിയുടെ വീട് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തത്. ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം നടത്തിയ ഹ്യൂണ്ടായി i20 കാർ ഓടിച്ചിരുന്നത് ഉമർ നബി ആയിരുന്നു. ഈ സ്ഫോടനത്തിൽ ഉമർ നബി കൊല്ലപ്പെട്ടിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ശക്തമായ നടപടിയുടെ ഭാഗമായാണ് ഈ നീക്കം. വീട് തകർക്കുന്നതിന് മുമ്പായി സുരക്ഷാ സേന പരിശോധനകൾ നടത്തിയിരുന്നു. കെട്ടിടത്തിന് സമീപമുണ്ടായിരുന്ന മറ്റുചില കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഉമർ നബി ഈ ഭീകരസംഘത്തിന്റെ തലവനാണെന്ന് നേരത്തെ അറിയാൻ കഴിഞ്ഞിരുന്നു. എൻഐഎയുടെ പ്രത്യേക അന്വേഷണ സംഘം ജമ്മു കാശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധനകളിലാണ് ഉമർ നബിയുടെ വീട് കണ്ടെത്തിയത്. തകർത്ത വീട്ടിൽ നിന്ന് സ്ഫോടകവസ്തുക്കളോ ആയുധങ്ങളോ കണ്ടെടുത്തതായി സുരക്ഷാ സേന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വലിയ ഭീഷണിക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്.