എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തില്‍ നിലപാട് കടുപ്പിച്ച കൈസ്തവ സഭകളുമായി സമവായ നീക്കം തുടര്‍ന്ന് സര്‍ക്കാര്‍. വിഷയം പരിഹരിക്കുമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പിനെ നേരിട്ട് കണ്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉറപ്പ് നല്‍കി. വിഷയത്തില്‍ ഭീഷണി വേണ്ടെന്ന ശിവന്‍കുട്ടിയുടെ പരാമര്‍ശം വിവദമായതോടെയാണ് സര്‍ക്കാര്‍ അനുനയ നീക്കം തുടങ്ങിയത്.ഭിന്നശേഷി അധ്യാപക സംവരണത്തില്‍ മാനേജ്മെന്റുകള്‍ക്കെതിരെ, നേരത്തെ കടുത്ത നിലപാടാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സ്വീകരിച്ചത്. എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായി നീങ്ങണമെന്നും സര്‍ക്കാരിനെതിരെ രാഷ്ട്രീയ സമരം നടത്തുകയല്ല വേണ്ടതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇത് വലിയ ചര്‍ച്ചയായി. പിന്നാലെ വിവിധ ക്രൈസ്തവ സഭകള്‍ മന്ത്രിക്കെതിരെ രംഗത്ത് വരികയും ചെയ്തു.
ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്തെത്തിയ മന്ത്രി വി. ശിവന്‍കുട്ടി ബിഷപ്പ് തോമസ് തറയിലുമായി അര മണിക്കൂര്‍ സംസാരിച്ചു. വിഷയം പരിഹരിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതില്‍ സഭയ്ക്കും പ്രതീക്ഷയുണ്ട്.ഓര്‍ത്തഡോക്‌സ് സഭയടക്കം വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.