കരുരിൽ നടനും തമിഴ് വെട്രി കഴകം (ടി.വി.കെ) പാർട്ടി അധ്യക്ഷനുമായ വിജയിയുടെ റാലിക്കിടെ ഉണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി സി.ബി.ഐ. ടി.വി.കെ.യുടെ മുതിർന്ന നേതാവ് ബുസി ആനന്ദിനെ അടക്കം സി.ബി.ഐ. ക്യാമ്പ് ഓഫീസിൽ ചോദ്യം ചെയ്യുന്നുണ്ട്.
കഴിഞ്ഞ മാസമാണ് സി.ബി.ഐ. കേസ് ഏറ്റെടുത്തത്. ചോദ്യം ചെയ്യലിനായി മുന്നൂറിലധികം പേർക്കാണ് സി.ബി.ഐ. നോട്ടീസ് അയച്ചിരിക്കുന്നത്. കരുരിൽ 1000 പേർ പങ്കെടുക്കേണ്ട പരിപാടിയിൽ രണ്ട് ലക്ഷത്തിലധികം പേർ പങ്കെടുത്തത് സംഘാടക സമിതിയിലുണ്ടായ വീഴ്ചയാണെന്നാണ് പ്രധാന ആരോപണം. 41 പേരുടെ മരണത്തിന് ഇടയാക്കിയ ഒരു ദുരന്തമായിരുന്നു കരുരിലുണ്ടായത്.
കഴിഞ്ഞ സെപ്റ്റംബർ 27-നാണ് കരുരിൽ ടി.വി.കെ.യുടെ പ്രചാരണ പരിപാടിയിൽ ദുരന്തമുണ്ടായത്. സി.ബി.ഐ. സംഘം ഇതിനോടകം തന്നെ ടി.വി.കെ.യുടെ ഓഫീസിൽ എത്തി പരിശോധന നടത്തുകയും വിജയ് ഉപയോഗിച്ച കാരവാന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം ശേഖരിക്കുകയും ചെയ്തിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് സി.ബി.ഐ.യുടെ നീക്കം.