എത്യോപ്യയിൽ പതിനായിരം വർഷത്തോളമായി നിർജീവമായി കിടന്നിരുന്ന 'ഹെയ്‌ലി ഗബ്ബി' അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ പുകപടലം വ്യോമഗതാഗതത്തെ രൂക്ഷമായി ബാധിച്ചു. സ്ഫോടനത്തെ തുടർന്ന് ഉയർന്നുപൊങ്ങിയ ചാരവും പുകയും നാലായിരം കിലോമീറ്ററിലധികം സഞ്ചരിച്ച് ഇന്ത്യയുടെയും ഗൾഫ് രാജ്യങ്ങളുടെയും ആകാശത്ത് എത്തിയത് വിമാന സർവീസുകൾക്ക് ഭീഷണിയായിരിക്കുകയാണ്. ജനവാസ ഇല്ലാത്ത മേഖലയിലാണ് സ്ഫോടനം നടന്നതെന്നതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം വിമാന എൻജിനുകളുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഡിജിസിഎ വിമാന കമ്പനികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഫോടനത്തിന്റെ ഫലമായി ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളായ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പുകപടലം ദൃശ്യമായിട്ടുണ്ട്. അന്തരീക്ഷ വായു നിലവാരം മോശമായ ഡൽഹിയിൽ ഈ പുകപടലം കൂടിയെത്തുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയേക്കുമെന്ന് ആശങ്കയുണ്ട്. ഒമാൻ, പാകിസ്ഥാൻ, ദുബായ് തുടങ്ങിയ രാജ്യങ്ങളുടെ ആകാശത്തും പുകപടലം വ്യാപിച്ചിട്ടുണ്ട്. ആകാശത്ത് കാണുന്ന പുകപടലങ്ങൾ കണ്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.