തലസ്ഥാനത്തെ ഒരു യുവ ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായി സന്ദേശങ്ങൾ അയച്ച് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നാലോളം വനിതാ സബ് ഇൻസ്പെക്ടർമാർ ഡിഐജി അജിതാ ബീഗത്തിന് പരാതി നൽകി. വാട്സ്ആപ്പ് വഴി അശ്ലീലച്ചുവയുള്ളതും അനുചിതവുമായ സന്ദേശങ്ങൾ അയച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവം മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയായതിനെ തുടർന്ന്പൊലീസ് സംഘടനയുടെ നിർദ്ദേശപ്രകാരമാണ് വനിതാ എസ്ഐമാർ ഔദ്യോഗികമായി പരാതി നൽകാൻ തീരുമാനിച്ചത്. നേരത്തെ ഡിജിപിക്ക് പരാതി നൽകാൻ ആലോചിച്ചിരുന്നെങ്കിലും, ഒരു വനിതാ ഉദ്യോഗസ്ഥയ്ക്ക് തന്നെ പരാതി നൽകുന്നതാണ് ഉചിതമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
ഡിഐജിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മെറിൻ ജോസഫ് ഐപിഎസിനെ ചുമതലപ്പെടുത്തി. പോഷ് (ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം തടയൽ) നിയമപ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരായ വനിതാ എസ്ഐമാരുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ പരിശോധിക്കും. രാത്രി കാലങ്ങളിലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ കൂടുതലായി വന്നിരുന്നതെന്നും പരാതിയിൽ പറയുന്നു.
വരും ദിവസങ്ങളിൽ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അതിനുശേഷം ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ, ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ സംഭവം പൊലീസ് സേനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.