തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. സെഷൻസ് കോടതിയാണ് വിധി തള്ളിയിരിക്കുന്നത്.നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹര്‍ജി നൽകിയിരുന്നത്. ഹര്‍ജിയിൽ വാദം തുടരുമെങ്കിലും ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ആന്‍റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല. അതേസമയം, ആന്‍റണി രാജുവിന്‍റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതുവരെ തൽക്കാലത്തേക്ക് കോടതി മരവിപ്പിച്ചു. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ ആന്‍റണി രാജുവിനുള്ള അയോഗ്യത തുടരും. അപ്പീലിൽ വിശദമായ വാദം കേട്ട് ഉത്തരവ് പറയുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്. ആന്‍റണി രാജു നൽകിയ അപ്പീലിൽ വാദം തുടരും.
കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്നു വര്‍ഷത്തെ തടവും പിഴയും വിധിച്ചിരുന്നു. ഇതിനെതിരേ ആന്റണി രാജു നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് കീഴ്ക്കോടതിയുടെ ശിക്ഷാ വിധി താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിലാണ് നിര്‍ണ്ണായക വിധി.
ശിക്ഷാവിധി വന്നതിനേ തുടര്‍ന്ന് ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു. മൂന്ന് വര്‍ഷം വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെ ആയതുകൊണ്ട് അപ്പീലില്‍ വിധി വരുന്നതു വരെ ആന്റണി രാജുവിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ലഹരിമരുന്നുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദൂര്‍ സര്‍വലിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നതാണ് കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 61 ഗ്രാം ഹാഷിഷ് ഓയിലുമായി ആണ് അന്ന് പിടിയിലായത്.