അമേരിക്കയിൽ സർക്കാർ ഫണ്ടിങ് പ്രതിസന്ധിയെത്തുടർന്നുള്ള ഭാഗിക ഷട്ട്ഡൗൺ 21-ാം ദിവസത്തിലേക്ക് കടന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി സെനറ്റിൽ അവതരിപ്പിച്ച ധനകാര്യ ബിൽ പതിനൊന്നാം തവണയും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗൺ തുടരുമെന്ന് ഉറപ്പായത്. ഇതോടെ ശമ്പളം ലഭിക്കാതെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ ദുരിതത്തിലായി.
ഗവൺമെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്ന ബില്ലാണ് ഡെമോക്രാറ്റുകളുടെ എതിർപ്പിനെത്തുടർന്ന് സെനറ്റിൽ പരാജയപ്പെട്ടത്. 100 അംഗ സെനറ്റിൽ ബിൽ പാസാകാൻ 60 വോട്ടുകൾ വേണമെന്നിരിക്കെ, 50-43 എന്ന വോട്ടുനിലയിലാണ് ബിൽ പരാജയപ്പെട്ടത്. ഇതോടെ ഇരുപത് ദിവസം പിന്നിട്ട ഷട്ട്ഡൗൺ ഇനിയും നീളുമെന്ന് ഉറപ്പായി.
"ഒബാമ കെയർ" എന്നറിയപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട നികുതിയിളവുകൾ ധനകാര്യ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. എന്നാൽ, പുതിയ ചിലവുകളില്ലാത്ത "ക്ലീൻ" ബില്ലിനാണ് റിപ്പബ്ലിക്കൻ പാർട്ടിയും വൈറ്റ് ഹൗസും ശ്രമിക്കുന്നത്. ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനാൽ ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്.
ഷട്ട്ഡൗണിനെത്തുടർന്ന് നാസ, ആണവ സുരക്ഷാ ഏജൻസി എന്നിവയുൾപ്പെടെ നിരവധി സുപ്രധാന വകുപ്പുകളിലെ ആയിരക്കണക്കിന് ജീവനക്കാർ ശമ്പളമില്ലാതെ താൽക്കാലിക അവധിയിലാണ്. സൈന്യം, കോസ്റ്റ് ഗാർഡ് തുടങ്ങിയ അവശ്യ വിഭാഗങ്ങൾക്ക് പ്രത്യേക ഫണ്ടിൽ നിന്ന് ശമ്പളം നൽകുന്നുണ്ടെങ്കിലും, ലക്ഷക്കണക്കിന് ജീവനക്കാരാണ് ശമ്പളം മുടങ്ങിയതിനെ തുടർന്ന് പ്രതിസന്ധിയിലായത്. തർക്കം പരിഹരിക്കാൻ ഗൗരവമായ ചർച്ചകളൊന്നും നടക്കാത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു.