തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ വിവര ശേഖരണവും പരിശോധനയും ഇന്ന് മുതൽ ആരംഭിക്കും. നവംബർ 4 മുതൽ ഡിസംബർ 4 വരെയാണ് വിവരശേഖരണം നടക്കുക. ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി ഫോമുകൾ നൽകും.
നിലവിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ ചുമതല വഹിക്കുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഴുവൻ സമയ ഉദ്യോഗസ്ഥരായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇവർ ഇനിമുതൽ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികൾ മാത്രം കൈകാര്യം ചെയ്താൽ മതിയാകും. മറ്റ് വകുപ്പുകളിൽ നിന്നുള്ള ജോലികളിൽ നിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ട്.
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുകയും, പേര് ഇല്ലെങ്കിൽ പൗരത്വം തെളിയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ആധാർ ഉൾപ്പെടെയുള്ള 12 രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കി അപേക്ഷിക്കുകയും പേര് ചേർക്കുകയും ചെയ്യണം. ഇതിലൂടെ മാത്രമേ വോട്ടവകാശം പുനസ്ഥാപിക്കാൻ കഴിയൂ.
ഡിസംബർ 4 വരെ പ്രാഥമിക വിവരശേഖരണം മാത്രമാണ് നടക്കുക. അതിനുശേഷം, വിവരശേഖരണം അവസാനിച്ച ശേഷം ഒരു കരട് പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷമാണ് പരാതികളും കൂട്ടിചേർക്കലുകളും തിരുത്തലുകളും എല്ലാം നടത്താനുള്ള സമയം. ഈ സമയത്താണ് രേഖകളുമായി അപേക്ഷിച്ച് പേര് വീണ്ടും ചേർക്കേണ്ടത്.
ഒരു മാസം നീണ്ടുനിൽക്കുന്ന ഈ നടപടിക്രമങ്ങൾ ഇന്ന് ആരംഭിക്കുകയാണ്. വോട്ടർ പട്ടിക പരിഷ്കരണത്തെ സംസ്ഥാനം എതിർക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രതിപക്ഷ മുന്നണിക്കൊപ്പം ഭരണപക്ഷവും ഒറ്റക്കെട്ടായാണ് ഈ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചത്.
ബിജെപി ഒഴികെയുള്ള കോൺഗ്രസും മറ്റ് ഇടത് മുന്നണികളും ഒരേപോലെ വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർത്തിരുന്നു. നിയമപരമായ വഴിയിലൂടെ എസ്ഐആറിനെതിരെ നീങ്ങുകയാണെങ്കിൽ കോൺഗ്രസിന്റെ സഹായം ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നേരത്തെ അറിയിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ കോൺഗ്രസ് ഈ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. എസ്ഐആറിൽ കൂടുതൽ തുടർനടപടികൾ സ്വീകരിക്കാൻ നാളെ വൈകീട്ട് 4 മണിക്കാണ് യോഗം ചേരുന്നത്.