തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം ചേർന്ന് ഇക്കാര്യത്തിൽ പ്രമേയം പാസാക്കിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ പ്രതിഷേധത്തിന്‍റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് എത്തിയവർക്കെതിരെ ചില ബാങ്കുകൾ നോട്ടീസ് നൽകിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
ഡിസംബർ 19-ന് ലേബർ കോൺക്ലേവ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലേയും മന്ത്രിമാരെ ക്ഷണിക്കും. കോൺക്ലേവ് നാല് സെഷനുകളിലായിട്ട് നടക്കും. ലേബർ കോഡ് എങ്ങനെ തൊഴിലാളികളെ ബാധിക്കും, സംസ്ഥാനത്തിന് എത്രത്തോളം ഇതിൽ ഇടപെടാൻ സാധിക്കും തുടങ്ങിയ ചർച്ചകൾ കോൺക്ലേവിൽ നടക്കും. വിഷയത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്നും മന്ത്രി അറിയിച്ചു.കരട് ചട്ടം തയ്യാറാക്കിയ കാര്യം രഹസ്യമായി വച്ചിരിക്കുന്ന ഒന്നല്ല. തിരുവനന്തപുരത്ത് നടന്ന ശിൽപശാലയിൽ കരട് ചട്ടം വിതരണം ചെയ്തിരുന്നു. കരട് കരടായി തന്നെ ഇരിക്കും. ഒരു തുടർ നടപടിയും സ്വീകരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കരട് തയാറാക്കിയത് തൽക്കാലിക നടപടിക്രമങ്ങളുടെ ഭാഗമായാണ്. പി.എം ശ്രീക്ക് സമാനമായ സംഭവമല്ല ഇതെന്നും കരട് തയ്യാറാക്കിയതിൽ രഹസ്യ സ്വഭാവമുണ്ടായിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.