തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയിൽ ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമാണെന്ന് സി പി ഐ (CPI) മുഖപത്രമായ 'ജനയുഗം' മുഖപ്രസംഗത്തിൽ പറയുന്നു.
ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെല്ലാം ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ പ്രകടമായ തിരിച്ചടി നേരിട്ടതായും, ഇത് വിശദമായി വിലയിരുത്തേണ്ടതുണ്ടെന്നും ജനയുഗം ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ജനത ഇടതുപക്ഷത്തെ അധികാരത്തിലേറ്റുന്നതും പിന്തുണയ്ക്കുന്നതും അത് ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോടും രാഷ്ട്രീയത്തോടുമുള്ള പ്രതിബദ്ധത കൊണ്ടുമാണ്. എന്നാൽ, സർക്കാർ അടുത്ത കാലത്ത് സ്വീകരിച്ച ചില നടപടികൾ ഈ വിശ്വാസത്തിന് ഉലച്ചിൽ സംഭവിക്കാൻ കാരണമായിട്ടുണ്ട്.
മതങ്ങൾക്കും ആരാധനാലയങ്ങൾക്കും ജനജീവിതത്തിൽ പ്രാമുഖ്യമുള്ള സമൂഹത്തിൽ, അവയുടെ നിയന്ത്രണാധികാരത്തിനായി നിയോഗിക്കപ്പെടുന്നവർ സുതാര്യവും സംശുദ്ധവുമായ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ അതിന് മറുപടി നൽകാൻ രാഷ്ട്രീയ നേതൃത്വം കടപ്പെട്ടിരിക്കുന്നു എന്നും ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ടെന്നും മുഖപ്രസംഗത്തിൽ വിലയിരുത്തുന്നു.