Share this Article
News Malayalam 24x7
തിരച്ചിലിനിടയിൽ ഷേർയാർ ഓടിയെത്തി; മൃഗശാലയിൽനിന്ന് കാണാതായ സിംഹം തനിയെ തിരിച്ചെത്തി കൂട്ടിൽ കയറി
വെബ് ടീം
posted on 06-10-2025
1 min read
LION

ചെന്നൈ: നടൻ ശിവകാർത്തികേയൻ ദത്തെടുത്തിരുന്ന ഷേർയാർ തിരിച്ചെത്തി. തമിഴ്നാട് ചെങ്കൽപ്പേട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് രണ്ട് ദിവസം മുൻപാണ് സിംഹത്തെ കാണാതായത്. തനിയെ തിരിച്ചെത്തി കൂട്ടിൽ കയറുകയായിരുന്നു. രണ്ട്‌ ദിവസമായി സിംഹത്തിനായുള്ള തെരച്ചിൽ നടക്കുകയായിരുന്നു. തിരച്ചിൽ തുടരുന്നതിനിടെയാണ് സിംഹം തിരിച്ചെത്തിയത്.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഷേർയാർ എന്ന് പേരുള്ള അഞ്ച് വയസ്സുള്ള ആൺ സിംഹത്തെ കാണാതായത്. വൈകിട്ട് കൂടിനടുത്തേക്ക് മടങ്ങിയെത്താറുള്ള സിംഹം അന്ന് എത്തിയില്ല. ഇതോടെ മൃ​ഗശാലയിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം തടഞ്ഞു. തുടർന്ന് സിംഹത്തെ പാർപ്പിച്ചിരുന്ന 50 ഏക്കറിൽ തെർമൽ ഇമേജിങ് ഡ്രോണും ക്യാമറകളുമടക്കം സ്ഥാപിച്ച് പരിശോധന നടക്കുകയായിരുന്നു.ഇതിനിടെയാണ് ഇന്ന് വൈകീട്ട് സിംഹം കൂട്ടിലേക്ക് തിരിച്ചെത്തിയത്.

സിംഹം തിരികെ ഓടിയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.1490 ഏക്കറിലായാണ് വണ്ടലൂർ മൃഗശാല സ്ഥിതിചെയ്യുന്നത്. മൃഗശാലയിലേക്ക് കഴിഞ്ഞ വർഷം ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന സിംഹമാണിത്. നടൻ ശിവകാർത്തികേയൻ ഈ സിംഹത്തെ ദത്തെടുത്തിരുന്നു. സിംഹം തനിയെ തിരിച്ചെത്തുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടർ പ്രതികരിച്ചു. സിംഹം ആരോഗ്യവാനെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories