നിർണായക കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്ത് ചേരും. ശബരിമല സ്വർണ്ണപ്പാളി വിവാദം യോഗത്തിലെ പ്രധാന അജണ്ടയാകും. വിഷയത്തിൽ സംസ്ഥാന വ്യാപകമായി വിശ്വാസ സംഗമങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടിയിലെ ആലോചന. വ്യാഴാഴ്ച പത്തനംതിട്ടയിൽ വിശ്വാസ സംഗമം സംഘടിപ്പിക്കുന്നുമുണ്ട്. കൂടാതെ വെള്ളിയാഴ്ച ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കും പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാരിനെതിരെ സ്വർണ്ണപ്പാളി വിവാദം ആയുധമാക്കാനാണ് കോൺഗ്രസ് തീരുമാനം. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനൊപ്പം കെപിസിസി - ഡിസിസി പുനഃസംഘടന, പതിവാകുന്ന സൈബറിടത്തെ ആക്രമണങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും..