ഗുജറാത്തിൽ പശുവിനെ കൊന്ന മൂന്ന് പേർക്ക് ജീവപര്യന്തം തടവും 6.08 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. 'ഹിന്ദു വികാരത്തെ വ്രണപ്പെടുത്തി' എന്ന് നിരീക്ഷിച്ചുകൊണ്ടാണ് അഹമ്മദാബാദ് അംറേലി സെഷൻസ് കോടതിയുടെ വിധി. ഒരു വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് ഈ വിധി വന്നിരിക്കുന്നത്.
2023-ലാണ് പ്രതികളായ അക്രം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, കാസിം സോളങ്കി എന്നിവർ പശുവിനെ കൊന്ന് അവശിഷ്ടങ്ങൾ അഴുക്കുചാലിൽ തള്ളിയത്. ഇതിനെതിരെ ലഭിച്ച പരാതിയിന്മേൽ പോലീസ് കേസെടുക്കുകയും പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ 40 കിലോയോളം ഗോമാംസവും മറ്റ് മൃഗാവശിഷ്ടങ്ങളും അറക്കാൻ ഉപയോഗിച്ച ആയുധങ്ങളും തൂക്കുതുലാസുകളും കണ്ടെത്തിയിരുന്നു.
2017-ൽ ഭേദഗതി വരുത്തിയ ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 429, 295 വകുപ്പുകൾ പ്രകാരവുമാണ് പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. രാജ്യത്ത് ആദ്യമായാണ് പശുവിനെ കൊന്നതിന് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്.