മുംബൈ: നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ജനപ്രിയ ഹിന്ദി ടിവി ഷോയായ സാരാഭായി വേഴ്‌സസ് സാരാഭായിയിലെ വൈഭവി ഉപാധ്യായയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിര്‍മ്മാതാവ് ജെ ഡി മജീതിയ ആണ് മരണവിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഉത്തരേന്ത്യയിലാണ് വാഹനാപകടം നടന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 'ജീവിതം പ്രവചനാതീതമാണ്. വളരെ നല്ല നടി, സാരാഭായി വേഴ്‌സസ് സാരാഭായിയിലെ 'ജാസ്മിന്‍' എന്ന പേരില്‍ അഭിനയിച്ച പ്രിയ സുഹൃത്ത് വൈഭവി ഉപാധ്യായ അന്തരിച്ചു. ഉത്തരേന്ത്യയിലാണ് അപകടം നടന്നത്. അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം നാളെ രാവിലെ 11 മണിക്ക് മുംബൈയിലേക്ക് കൊണ്ടുവരും.'- ജെ ഡി മജീതിയയുടെ വാക്കുകള്‍. 2020ല്‍ പുറത്തിറങ്ങിയ ദീപിക പദുക്കോണിന്റെ ഛപാക്, 2023ല്‍ പുറത്തിറങ്ങിയ തിമിര്‍ എന്നി സിനിമകളുമായും വൈഭവി ഉപാധ്യായ സഹകരിച്ചിട്ടുണ്ട്.