ധർമ്മസ്ഥലയിൽ നൂറിലധികം സ്ത്രീകളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). നിർണായക വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ ഇന്നലെ രാത്രി മുതൽ പുലർച്ചെ മൂന്നുമണി വരെ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കി. ഇയാളുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു.
നിലവിൽ SIT കസ്റ്റഡിയിലുള്ള ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കും. ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ കേസിൽ നിർണായകമാവുമെന്നാണ് പൊലീസ് കരുതുന്നത്. നേരത്തെ ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ മണ്ണ് മാന്തി പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല. ടി.എൻ. പ്രതാപൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസിൽ പ്രാഥമിക അന്വേഷണം നടത്തുന്നത്.