Share this Article
News Malayalam 24x7
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം
Parliament Winter Session Begins Today

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് (ഡിസംബർ 4) ആരംഭിക്കും. ഡിസംബർ 19 വരെ നീളുന്ന സമ്മേളനത്തിൽ നിർണ്ണായകമായ 12 ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് സൂചന. ആണവ വൈദ്യുത പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന ബില്ലുകൾ ഇതിൽ ഉൾപ്പെടും.

ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ബിൽ, ദേശീയ പാത ബിൽ, ആണവോർജ്ജ ഭേദഗതി ബിൽ തുടങ്ങിയവയാണ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള പ്രധാന ബില്ലുകൾ. സമീപകാലത്തെ ഏറ്റവും ചെറിയ സമ്മേളന കാലയളവാണ് ഇത്തവണത്തേത്.


സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ഡൽഹിയിലെ വായു മലിനീകരണം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, പുതിയ ലേബർ കോഡ്, ഡൽഹി സ്ഫോടനം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.


സമ്മേളനത്തിന് മുന്നോടിയായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാതിരുന്നത് പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിന് ഇടയാക്കി. 36 പാർട്ടികളിൽ നിന്നായി അമ്പതോളം നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ജോൺ ബ്രിട്ടാസ് എം.പി ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിൽ അതൃപ്തി രേഖപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article