Share this Article
News Malayalam 24x7
പെട്രോൾ വില കൂടുമോ ? ക്രൂഡോയില്‍ വില കുതിക്കുന്നു
 Crude Oil Prices Surge

പശ്ചിമേഷ്യയിൽ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ കനത്ത പ്രത്യാഘാതങ്ങൾ പ്രകടമാകുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനൊപ്പം ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ചയുണ്ടായി. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ നിക്ഷേപകർക്ക് ഏകദേശം എട്ട് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

യുദ്ധം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക വില വർദ്ധനവിന് കാരണമായി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 75 ഡോളറിന് മുകളിലെത്തി. ബ്രെന്റ് ക്രൂഡിന്റെ വില 82 ഡോളറും പിന്നിട്ടു. എണ്ണവിലയിലെ ഈ കുതിച്ചുചാട്ടം ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളിൽ ഇന്ധനവില വർദ്ധനവിനും പണപ്പെരുപ്പത്തിനും ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്.


ആഗോള വിപണിയിലെ അനിശ്ചിതത്വം ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്കാണ് നയിച്ചത്. വ്യാപാരം തുടങ്ങിയ ഉടൻ തന്നെ സെൻസെക്സ് 1700 പോയിന്റും നിഫ്റ്റി 500 പോയിന്റോളവും ഇടിഞ്ഞു. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (FII) വൻതോതിൽ ഓഹരികൾ വിറ്റഴിച്ചതാണ് വിപണിക്ക് കനത്ത തിരിച്ചടിയായത്. ബാങ്കിംഗ്, ഓട്ടോമൊബൈൽ, ഐടി മേഖലകളിലെ മുൻനിര ഓഹരികളെല്ലാം വലിയ നഷ്ടം നേരിട്ടു.


യുദ്ധം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വിപണിയിൽ കനത്ത ചാഞ്ചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പശ്ചിമേഷ്യയിലെ സംഘർഷം എത്രത്തോളം നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും ആഗോള വിപണിയുടെ ഭാവി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories